റാസല്‍ഖൈമ: പെട്ടെന്ന് കാർ ബ്രേക്ക് ചെയ്തപ്പോൾ കാറിന്റെ ഡാഷ്ബോഡില്‍ തലയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരി മരിച്ചു. യുഎഇയിലെ റാസല്‍ഖൈമയിലുള്ള ജസീറത്ത് അല്‍ ഹംറ റോഡില്‍ വെച്ച് കഴിഞ്ഞ ദിവസമായിരുന്നു കുട്ടിക്ക് അപകടം സംഭവിച്ചത്.
കുട്ടിയുടെ അച്ഛന് കാറോടിക്കവെ, മുന്‍സീറ്റില്‍ അമ്മയുടെ മടിയിലിരിക്കുകയായിരുന്ന കുട്ടി കാര്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോള്‍ അമ്മയുടെ കൈയില്‍ നിന്ന് മുന്നോട്ട് തെറിച്ചുവീഴുകയായിരുന്നു. കാറിന്റെ ഡാഷ് ബോഡില്‍ തലയിടിച്ച് ഗുരുതരമായ രക്തസ്രാവമുണ്ടായി. വിവരമറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയ പാരാമെഡിക്കല്‍ സംഘവും രക്ഷാപ്രവര്‍ത്തകരും കുട്ടിയുടെ ജീവന് രക്ഷിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും വിഫലമായി. രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.
നാല് വയസ് വരെയുള്ള കുട്ടികള്‍ക്ക് യു എ ഇയിലെ ഫെഡറല്‍ ട്രാഫിക് നിയമപ്രകാരം വാഹനങ്ങളുടെ പിന് സീറ്റില്‍ ഘടിപ്പിക്കാവുന്ന ചൈല്‍ഡ് സേഫ്റ്റി സീറ്റുകള്‍ നിര്‍ബന്ധമാണ്. 10 വയസിന് മുകളില്‍ പ്രായമുള്ളവര്‍ മാത്രമേ മുന്‍സീറ്റിലിരുന്ന് യാത്ര ചെയ്യാന്‍ പാടുള്ളൂ. 400 ദിര്‍ഹം പിഴയും ഡ്രൈവിങ് ലൈസന്‍സില്‍ നാല് ബ്ലാക് പോയിന്റുകളും ഈ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ലഭിക്കാവുന്ന കുറ്റമാണ്.
Post Your Comments