ബെയ്ജിംഗ്: ജി 20 ഉച്ചകോടി ജപ്പാനിലെ ഒസാക്കയില്‍ സമാപിച്ചു. ഉച്ചകോടിയില്‍ ഭീകരവാദം, കാലാവസ്ഥ വ്യതിയാനം, വ്യാപാരം, 5ജി തുടങ്ങിയ വിഷയങ്ങളില്‍ ലോകരാജ്യങ്ങള്‍ ചര്‍ച്ച നടത്തി. വ്യാപാര സഹകരണം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഉച്ചകോടിയില്‍ ധാരണയായി. സൗദി അറേബ്യയിലെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ രണ്ടു ദിവസമായി ജപ്പാനിലെ ഒസാക്കയില്‍ നടന്നുവന്ന ജി 20 ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നു.
മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം ഇന്ത്യയുടെ വിലമതിക്കാനാവാത്ത പങ്കാളിയാണ് സൗദി അറേബ്യയെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ ഹജ്ജ് ക്വോട്ട 1,70,000 നിന്ന് രണ്ടു ലക്ഷമായി ഉയര്‍ത്തുമെന്നും ചര്‍ച്ചകള്‍ക്ക് ശേഷം ഇന്ത്യന്‍ വിദേശ കാര്യ സെക്രട്ടറി വിജയ് ഗോഖലെ അറിയിച്ചിരുന്നു.
ഇന്തോനേഷ്യ, ബ്രസീല്‍, തുടങ്ങി അഞ്ചു രാജ്യങ്ങളുമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയ്ക്കിടെ ചര്‍ച്ച നടത്തിയത്. മുംബൈ അഹമ്മദാബാദ് അതിവേഗ റെയില്‍ ഇടനാഴിയും വാരാണസിയിലെ കണ്‍വന്‍ഷന്‍ സെന്ററും സമയത്ത് തീര്‍ക്കാന്‍ തീരുമാനമായി. പ്രകൃതിദുരന്തങ്ങളെ പ്രതിരോധിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ക്കു രൂപം കൊടുക്കാന്‍ ജപ്പാന്റെ സഹായം മോദി തേടി.
വ്യാപാരരംഗത്ത് ഇന്ത്യയ്ക്ക് നല്‍കിയിരുന്ന ആനുകൂല്യങ്ങള്‍ യുഎസ് ഈ മാസം പിന്‍വലിച്ചതിനു തിരിച്ചടിയെന്നോണം 28 യുഎസ് ഉല്‍പന്നങ്ങള്‍ക്കു മേല്‍ ഇന്ത്യ തീരുവ വര്‍ധിപ്പിച്ചിരുന്നു. അടുത്ത വര്‍ഷത്തെ ജി 20 ഉച്ചകോടി സൗദി അറേബ്യയിലെ റിയാദില്‍ നടത്താന്‍ ധാരണയായി. 2020 നവംബര്‍ 21, 22 തീയതികളിലായാണ് പതിനഞ്ചാമത് ജി 20 ഉച്ചകോടി നടക്കുക. റിയാദ് കിംഗ് അബ്ദുള്ള ഫിനാന്‍ഷ്യല്‍ സെന്ററാണ് ഉച്ചകോടിയുടെ വേദി.
Post Your Comments