തിരുവനന്തപുരം : ദേശീയപാത വികസനത്തിനു ഭൂമി ഏറ്റെടുക്കാനുള്ള െചലവിന്റെ നാലിലൊന്നായ 6,000 കോടി രൂപ നല്‍കാന്‍ സംസ്ഥാനം തീരുമാനിച്ചു. തീരദേശ, മലയോര ഹൈവേകള്‍ക്ക് അനുവദിച്ച തുകയില്‍ നിന്നു നിശ്ചിത തുക ഇതിനായി നീക്കിവച്ചേക്കും. 2014ല്‍ ഇവയ്ക്കായി തുക അനുവദിച്ചെങ്കിലും കാര്യമായി പണം ചെലവഴിച്ചിട്ടില്ലാത്തതിനാലാണിത്.
ഇതിനു പുറമേ കിഫ്ബിയില്‍ നിന്നോ ബജറ്റില്‍ നിന്നോ തുക കണ്ടെത്താനും ആലോചിക്കുന്നുണ്ട്. മൂന്നു വര്‍ഷത്തോളം നടപടികള്‍ നീക്കിയിട്ടും പണം കൊടുത്തില്ലെന്ന കാരണത്താല്‍ വികസനം മുടങ്ങരുതെന്ന ഉദ്ദേശത്തിലാണു സാമ്പത്തിക ഞെരുക്കത്തിനിടയിലും പല മാര്‍ഗങ്ങളിലൂടെ പണം കണ്ടെത്താന്‍ തീരുമാനിച്ചതെന്നു മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. ദേശീയപാതയിലെ നിര്‍മാണങ്ങളുമായി ബന്ധപ്പെട്ടു ജിഎസ്ടി ഇനത്തില്‍ ലഭിക്കുന്ന സംസ്ഥാന വിഹിതവും കേന്ദ്രത്തിനു നല്‍കും.
15നു കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയില്‍ കേന്ദ്രം മുന്നോച്ചുവച്ച പ്രധാന നിര്‍ദേശമായിരുന്നു ഇത്. സാമ്പത്തിക ബാധ്യതയുള്ളതിനാല്‍ വിശദമായി ആലോചിക്കണമെന്നാണ് അന്നു മുഖ്യമന്ത്രി മറുപടി നല്‍കിയത്. പുതിയ തീരുമാനത്തോടെ ദേശീയപാത വികസനത്തിലെ മുഖ്യപ്രതിസന്ധി നീങ്ങി.
പണം കണ്ടെത്തി നല്‍കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. 598 കിലോമീറ്റര്‍ എന്‍എച്ച്66 നാലുവരിയാക്കാന്‍ 44,000 കോടിയാണു ചെലവ്. അതില്‍, 22,000 കോടിയും ഭൂമി ഏറ്റെടുക്കാനാണ്. കൊല്ലം മുതല്‍ കഴക്കൂട്ടം വരെയുള്ള ഭൂമി ഏറ്റെടുക്കല്‍ രണ്ടു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
Post Your Comments