ഹരിപ്പാട്: എട്ടാം ക്ലാസുമുതല്‍ അച്ഛന്റെയും ബന്ധുക്കളുടെയും ക്രൂര പീഡനത്തിനിരയാകേണ്ടി വന്ന പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ കേട്ട് പോലീസ് ഞെട്ടി. ആറ് വര്‍ഷമാണ്, പീഡന വിവരം പുറത്തു പറയാനാകാതെ അവള് കഴിഞ്ഞത്. മൂന്ന് വര്‍ഷത്തോളം സ്വന്തം വീട്ടില്‍ അച്ഛന്റെ പീഡനത്തിനിരയായ അവള്‍ക്ക് പിന്നീട്, താമസമാക്കിയ അമ്മയുടെ സഹോദരിയുടെ വീട്ടിലും നേരിടേണ്ടി വന്നത് സമാന അനുഭവങ്ങള്‍ തന്നെയായിരുന്നു.
പീഡനത്തെ തുടര്‍ന്ന് തൃക്കുന്നപ്പുഴ സ്വദേശിനിയായ പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പതിമൂന്നാം വയസ്സു മുതല്‍ അച്ഛന്റെയും അടുത്ത ബന്ധുക്കളുടെയും പീഡനത്തിനിരയായിരുന്നു ഇവള്. കേസില്‍ അച്ഛന് ഉള്‍പ്പെടെ അഞ്ചു ബന്ധുക്കള്‍ അറസ്റ്റിലായി. പെണ്‍കുട്ടിക്ക് അയല്‍ക്കാരോട് സംസാരിക്കാന്‍ പോലും വീട്ടില്‍ കടുത്ത നിയന്ത്രണം ഉണ്ടായിരുന്നു. ഒടുവില്‍ ഗര്‍ഭിണിയായി ആശുപത്രിയിലെത്തിയപ്പോഴാണ് അവള് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞത്. പിന്നാലെ കോടതിയില്‍ രഹസ്യമൊഴിയും കൊടുത്തു. അച്ഛന്റെയും മാതൃസഹോദരിയുടെ മക്കളുടെയും അറസ്റ്റിലേക്ക് നയിച്ചത് ഈ മൊഴികളാണ്. എട്ടാം ക്ലാസ് മുതല്‍ വീട്ടില്‍ നേരിടേണ്ടിവന്ന പീഡനത്തെപ്പറ്റി മൂന്ന് മണിക്കൂറോളമാണ് പെണ്‍കുട്ടി വിശദീകരിച്ചത്.
പെണ്‍കുട്ടിയുടെ അമ്മ തൊഴിലുറപ്പ് ജോലിക്കാരിയായിരുന്നു. ഇളയ സഹോദരന് സ്കൂളില്‍ പോകുന്ന സമയങ്ങളില്‍ പലപ്പോഴും അവളും അച്ഛനും മാത്രമാണ് വീട്ടിലുണ്ടാവുക. സംഭവത്തെപ്പറ്റി ആരോടും തുറന്ന് പറയാന്‍ കഴിയാതായ പെണ്‍കുട്ടി ഒടുവില്‍, പത്താംക്ലാസ് കഴിഞ്ഞപ്പോള്‍ മാതൃസഹോദരിയുടെ വീട്ടിലേക്ക് താമസം മാറ്റി. അമ്മയും ഒപ്പമുണ്ടായിരുന്നെങ്കിലും അവിടെയും നേരിടേണ്ടി വന്നത് സമാനമായ ദുരനുഭവങ്ങള്‍ തന്നെയായിരുന്നു.
വയറുവേദന സഹിക്കാന്‍ കഴിയാതെ ചികിത്സ തേടിയപ്പോഴാണ് താന്‍ മൂന്നുമാസം ഗര്‍ഭിണിയാണെന്ന വിവരം പെണ്‍കുട്ടി അറിയുന്നത്. തുടര്‍ന്ന്, ഗര്‍ഭച്ഛിദ്രത്തിന് വിധേയായി. ജൂണ്‍ 15-നാണ് സംഭവവുമായി ബന്ധപ്പെട്ട് തൃക്കുന്നപ്പുഴ പോലീസ് കേസെടുക്കുന്നത്. അമ്മയുടെ സഹോദരീ ഭര്‍ത്താവിനെ അന്ന് അറസ്റ്റ് ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് അച്ഛനും മാതൃസഹോദരിമാരുടെ മൂന്ന് മക്കളും പീഡിപ്പിച്ചിരുന്നതായി പോലീസിനെ അറിയിക്കുന്നത്.
പീഡനം നടക്കുന്ന സമയത്ത് പ്രായപൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ ഒരാളെ ജുവനൈല്‍ കോടതിയിലാണ് ഹാജരാക്കിയത്. മറ്റ് പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. സംഭവത്തെപ്പറ്റി പെണ്‍കുട്ടിയുടെ അമ്മയ്ക്ക് അറിവില്ലായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. ഇവരില്‍നിന്ന് വിശദമായ മൊഴിയെടുക്കാനാണ് തീരുമാനം.
Post Your Comments