ലണ്ടന്‍ : ഐഫോൺ രൂപകല്‍പ്പന ചെയ്ത ജോണി ഐവ് ആപ്പിളിനോട് വിടപറയുന്നു. സ്വന്തമായി കമ്പനി ആരംഭിക്കാനാണ് ഐവ് ആപ്പിള്‍ വിടുന്നത്. ഈ വർഷം അവസാനം ലൗവ്ഫ്രം എന്ന കമ്പനിക്ക് തുടക്കമിടും. ആപ്പിളായിരിക്കും ഈ കമ്പനിയുടെ ആദ്യ ഇടപാടുകാരന്. ഐവിന്റെ അത്യാകര്‍ഷകമായ രൂപകല്പ്പനയായിരുന്നു ഐഫോണിനെ ഐഫോണാക്കി മാറ്റിയത്. ആപ്പിളുമൊത്തുള്ള മൂന്ന് പതിറ്റാണ്ടിന്റെ ബന്ധമാണ് ഐവ് അവസാനിപ്പിക്കുന്നത്. 1992ല്‍ ആണ് ഐവ് ആപ്പിളില്‍ ചേര്‍ന്നത്.
ആപ്പിളിന്റെ ഐമാക്, ടൈറ്റാനിയം ആന്റ് അലൂമിനിയം പവര്‍ ബുക് ജി4, ജി4 ക്യൂബ്, മാക് ബുക്, യുണിബൊഡി മാക്ബുക് പ്രൊ, മാക്ബുക് എയ്ര്, ഐപോഡ്, ഐഫോണ്‍, ഐപാഡ് എന്നിവയുടെ ഡിസൈന്‍ ചെയ്തത് ഐവ് ആയിരുന്നു. ഇതില്‍ ഐഫോണ്‍ ആണ് ലോകത്തെ മാറ്റിമറിച്ചത്. ആധുനിക നാഗരികതയുടെ സര്‍വതലങ്ങളെയും സ്പര്‍ശിക്കുന്ന ടെക്നോളജി വിപ്ലവത്തിന് തിരികൊളുത്തുകയാണ് ഐഫോണ്‍ ചെയ്തത്.
സ്റ്റീവ് ജോബ്സ് സ്ഥാനമൊഴിഞ്ഞാല്‍ പകരക്കാരനായി ഐവിനെയും പരിഗണിച്ചിരുന്നു. എന്നാല്‍ സ്റ്റീവ് ജോബ്സിനു ശേഷം ടിം കൂക് ആണു ആ പദവിയില്‍ എത്തിയത്. ദി ഡൈയ്ലി ടെലഗ്രാഫ് 2008 ല്‍ ഐവിനെ അമേരിക്കയിലെ ഏറ്റവും സ്വാധീനം ചെലുത്താന്‍ ശേഷിയുള്ള ബ്രിട്ടീഷ് പൗരനായി തെരഞ്ഞെടുത്തിരുന്നു.
Post Your Comments