തിരുവനന്തപുരം: പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സലൂജയ്‌ക്കെതിരെ നടന്ന സൈബര്‍ പ്രചാരണത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുത്ത് സിപിഎം. ചെങ്കല്‍ പഞ്ചായത്ത് അംഗവും സിപിഎം നേതാവുമായ പ്രശാന്ത് അലത്തറക്കല്‍, പാര്‍ട്ടി പ്രവര്‍ത്തകരും സര്‍ക്കാര്‍ ജീവനക്കാരുമായ ഷിനു, ഷിജു എന്നിവരെയാണ് സംഭവത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. സലൂജയുടെ പരാതിയിലാണ് നടപടി.
സത്യപ്രതിജ്ഞ ചെയ്ത അന്ന് മുതല്‍ ചെങ്കല്‍ ഗ്രാമപഞ്ചായത്ത് അംഗമായ തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുവെന്നായിരുന്നു പാര്‍ട്ടി നേതൃത്വത്തിന് സലൂജ നല്‍കിയ പരാതി. പൊലീസിനും വനിതാ കമ്മീഷനും പരാതി നല്‍കിയിട്ടും ചില പ്രവര്‍ത്തകര്‍ അധിക്ഷേപം തുടരുകയായിരുന്നു. നെയ്യാറ്റിന്‍കര മേഖലയില്‍ സിപിഎമ്മിനെ പിടിച്ചുലച്ച വിവാദത്തിലാണ് ഒടുവില്‍ പാര്‍ട്ടി നടപടി എടുത്തത്. പാറശ്ശാല ഏരിയ കമ്മിറ്റിയുടേതാണ് നടപടി.
പാര്‍ട്ടിക്കെതിരെ സലൂജ വാര്‍ത്താസമ്മേളനം നടത്താനിടയുണ്ടെന്ന സൂചനകള്‍ക്കിടെയാണ് അംഗങ്ങളെ പുറത്താക്കാനുള്ള നടപടി സിപിഎം ഏരിയ കമ്മിറ്റി കൈക്കൊണ്ടത്. ഇത് പാര്‍ട്ടിയുടെ മുഖം രക്ഷിക്കാനാണെന്നും ആരോപണമുണ്ട്. അതേസമയം പാര്‍ട്ടി നടപടിയല്ല, പൊലീസ് നടപടിയാണ് വേണ്ടതെന്ന് സലൂജ പറഞ്ഞു. പാര്‍ട്ടി പുറത്താക്കിയ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തെങ്കിലും പൊലീസ് തുടര്‍ നടപടി ഒന്നും സ്വീകരിച്ചിട്ടില്ല.
Post Your Comments