മാവേലിക്കര: ആലപ്പുഴ മാവേലിക്കരയില്‍ വ്യവസായിയെ ആത്മഹത്യയുടെ വക്കിലെത്തിച്ച് സി.പി.എം നേതൃത്വം നല്‍കുന്ന പഞ്ചായത്ത് ഭരണസമതിയും അധികാരികളും. മാവേലിക്കര കൊല്ലകടവ് സ്വദേശി അജി ചുനക്കര പഞ്ചായത്തില്‍ ആരംഭിച്ച ഫൈബര്‍ ഉത്പന്ന നിര്‍മ്മാണ ഫാക്ട്ടറിയുടെ ലൈസന്‍സ് പഞ്ചായത്ത് റദ്ദാക്കിയതോടെയാണ് അജി കടക്കെണിയിലായത്. സ്ഥാപനം അടച്ചുപൂട്ടുകയും വീടും സ്ഥലവും ബാങ്ക് ജപ്തി ചെയ്യുകയും ചെയ്തതോടെ അജി ഇന്ന് ആത്മഹത്യയുടെ വക്കിലാണ്. സി.പി.എം ജില്ലാ സെക്രട്ടറിയെ പ്രശ്നപരിഹാരത്തിനായി സമീപിച്ചെങ്കിലും കീഴ്ഘടകത്തില്‍ പ്രശ്നത്തിന് പരിഹാരം കാണാന്‍ നിര്‍ദ്ദേശിച്ച് മടക്കി അയച്ചതായി അജി പറയുന്നു.
2013 ലാണ് ചുനക്കര പഞ്ചായത്തിന്റെ അനുമതിയോടെ അജി ഫൈബര്‍ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന സ്പാബ് എന്ന വ്യവസായസംരംഭത്തിന് തുടക്കം കുറിക്കുന്നത്. മൂന്ന് ബാങ്കുകളില്‍നിന്നായി 40 ലക്ഷം രൂപയും സ്വകാര്യവ്യക്തികളില്‍ നിന്നുള്ള വായ്പ്പയും കൈയിലുള്ള പണവും ഉപയോഗിച്ചാണ് സ്ഥാപനത്തിനായുള്ള മിഷനറികളും കെട്ടിടവും ഒരുക്കിയത്. എന്നാല്‍ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് രണ്ടുദിവസം മുമ്പ് പഞ്ചായത്ത് അധികൃതര്‍ ലൈസന്‍സ് റദ്ദ് ചെയ്തതായി കാട്ടി നോട്ടിസ് പതിക്കുകയായിരുന്നു.
പഞ്ചായത്ത് സെക്രട്ടറിയെ കണ്ട് കാര്യം തിരക്കിയപ്പോള്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടിയെന്ന മറുപടിയാണ് ലഭിച്ചത്. വാടകയ്ക്ക് എടുത്ത ഭൂമി ഒഴിഞ്ഞുകൊടുക്കാന്‍ സമ്മര്‍ദ്ദം ഏറിയതോടെ യന്ത്ര സാമഗ്രികള്‍ അടക്കം അവിടെനിന്നും ഒഴിവാക്കി. മുതല്‍ മുടക്കിയ പണം പൂര്‍ണ്ണമായി നഷ്ട്ടപെട്ടതിന് പിന്നാലെ വീടും സ്ഥലവും ബാങ്ക് ജപ്തി ചെയ്തു. മൂക്കോളം കടത്തില്‍ മുങ്ങിയ അജിയും കുടുംബവും ആത്മഹത്യമാത്രം മുന്നില്‍കണ്ട് ഇന്ന് വാടകവീട്ടില്‍ കഴിയുകയാണ്.
Post Your Comments