വാഷിംഗ്ടണ്‍: അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറുന്നതിനിടെ നദിയിൽ മുങ്ങിമരിച്ച പിതാവിന്റെയും മകളുടെയും ചിത്രം വാർത്തകളിൽ നിറഞ്ഞിരുന്നു. ആ ചിത്രത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.രണ്ടുവയസുകാരിയുടെയും പിതാവിന്റെയും ചിത്രം താന്‍ വെറുക്കുന്നുവെന്ന് ട്രംപ് പറഞ്ഞു. കുട്ടിയുടെ പിതാവ് അതിശയകരമായ വ്യക്തിത്വത്തിന് ഉടമയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ടു മാസമായി മെക്സിക്കോയിലെ ക്യാമ്പിൽ താമസിക്കുകയായിരുന്നു എല്സാല്വദോറുകാരനായ ഓസ്കര് ആല്‍ബര്‍ട്ടോ മാര്‍ട്ടിനസ് റമീറസും കുടുംബവും. എന്നാൽ സർക്കാർ നടപടികളിൽ കാലതാമസം വന്നതോടെ നിരാശനായ റമീറസ് നദി കടന്ന് അക്കരയ്ക്കു പോകാന്‍ തീരുമാനിച്ചു.ഇരുപത്തിമൂന്നു മാസം മാത്രം പ്രായമുള്ള മകള്‍ വലേരിയയുമായി റമീറസ്(25) നദി നീന്തിക്കടന്നു. കുഞ്ഞിനെ കരയില്‍ നിര്‍ത്തിയശേഷം ഭാര്യ താനിയാ വനേസ അവലോസിനെ(21) കൂട്ടിക്കൊണ്ടുവരാനായി റമീറസ് വീണ്ടും നദിയിലേക്കിറങ്ങി.
കരയിൽ ഒറ്റയ്ക്കായതോടെ പേടിച്ചുപോയ കുട്ടി പിതാവിന്റെ പുറകെ നദിയിലേക്ക് എടുത്തുചാടുകയായിരുന്നു. റമീറസ് പിന്നോട്ടു വന്ന് മകളെ കൈയിലെടുത്തെങ്കിലും രണ്ടുപേരും ഒഴുക്കില്‍പ്പെട്ടു. തിങ്കളാഴ്ച രാവിലെയാണ് ഇരുവരു ടെയും മൃതദേഹങ്ങള്‍ ടെക്സസിലെ ബ്രൗണ്‍സ് വില്ലിനു കുറുകെ മെക്സിക്കോയിലെ മടാമോറോസിനു സമീപം കണ്ടെത്തിയത്. ദാരിദ്യവും തൊഴിലില്ലായ്മയും മൂലം ആയിരങ്ങളാണ് സെന്‍ട്രല്‍ അമേരിക്കന്‍ രാജ്യങ്ങളായ എല്‍സാല്‍വദോര്‍, ഗ്വാട്ടിമാല തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് മെക്സിക്കോയിലെത്തി അമേരിക്കയിലേക്ക് പോകാൻ ശ്രമിക്കുന്നത്.
Post Your Comments