ന്യൂഡല്‍ഹി: .ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തില്‍ ഇന്ത്യന്‍ ടീമിന്റെ ജഴ്സിയുടെ നിറം ഓറഞ്ചാക്കിയ സംഭവം : പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് ഡോ.ശശി തരൂര്‍ എം.പി.
ഇന്ത്യന്‍ ടീം ഓറഞ്ച് ജഴ്സി ധരിക്കാനുള്ള തീരുമാനത്തെ ആരും രാഷ്ട്രീയവത്കരിക്കരുതെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തില്‍ ഇന്ത്യന്‍ ടീമിന്റെ ജഴ്സിയുടെ നിറം ഓറഞ്ചാക്കിയതിനെതിരെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ശശി തരൂരിന്റെ പ്രതികരണം.
മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് എംഎല്‍എ നസീം ഖാന്‍, സമാജ് വാദി പാര്‍ട്ടി എംഎല്‍എ അബു അസിം അസ്മി എന്നിവരാണ് ജഴ്സിയുടെ നിറം ഓറഞ്ചാക്കിയതിനെതിരെ രംഗത്തെത്തിയത്. ത്രിവര്‍ണ്ണത്തെ ബഹുമാനിക്കുന്നതിന് പകരം മോഡി സര്‍ക്കാര്‍ കാവി രാഷ്ട്രീയം കളിക്കുകയാണെന്ന് നസീം ഖാന്‍ പറഞ്ഞു. എന്തുകൊണ്ടാണ് ഇന്ത്യയുടെ ത്രിവര്‍ണ്ണത്തില്‍ നിന്ന് ഓറഞ്ച് മാത്രം തെരഞ്ഞെടുത്തതെന്നും ഇതിന് പിന്നില്‍ കേന്ദ്ര സര്‍ക്കാരാണെന്നും അബു അസിം അസ്മിയും പ്രതികരിച്ചു.
ഇതിനിടെ ഓറഞ്ച് ജഴ്സിയെ പിന്തുണച്ചുകൊണ്ട് കേന്ദ്ര മന്ത്രി രാംദാസ് അതാവലെ രംഗത്തെത്തി. ഇത് ധൈര്യത്തിന്റെയും വിജയത്തിന്റെ നിറമാണെന്നും അതില്‍ ആരും പ്രശ്നമുണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഐസിസിയുടെ പുതിയ നിയമമനുസരിച്ച് എല്ലാ ടീമുകള്‍ക്കും രണ്ടു ജഴ്സി വേണം. ഇംഗ്ലണ്ടും ഇന്ത്യയും നിലവില്‍ നീല ജഴ്സിയണിഞ്ഞാണ് കളിക്കുന്നത്. ഈ മാസം മുപ്പതിനാണ് ഓറഞ്ച് ജഴ്സി അണിഞ്ഞ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ മത്സരിക്കുക.
Post Your Comments