ന്യൂഡല്‍ഹി: ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യതയും ബി.ജെ.പി.യുടെ വന്‍വിജയവും ചോദ്യം ചെയ്യുന്നതിലൂടെ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യപ്രക്രിയയെ കോണ്‍ഗ്രസ് അപമാനിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബി.ജെ.പി.യും സഖ്യകക്ഷികളും ജയിച്ചപ്പോള്‍ രാജ്യവും ജനാധിപത്യവും തോറ്റെന്ന് ചില നേതാക്കള്‍ പറയുന്നു. ഇത്തരം പ്രസ്താവനകള്‍ നിര്‍ഭാഗ്യകരമാണ്. വയനാട്ടിലും റായ്ബറേലിയിലും ബെറാംപുരിലും തിരുവനന്തപുരത്തും ഇന്ത്യ തോറ്റോ? അമേഠിയില്‍ ഇന്ത്യ തോറ്റോ? രാഷ്ട്രീയ സുസ്ഥിരത ആഗ്രഹിച്ച ജനങ്ങള്‍ വിവേകത്തോടെയാണ് തിരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിച്ചതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
കോണ്‍ഗ്രസ് ജയിച്ചില്ലെങ്കില്‍ ഇന്ത്യ ജയിക്കില്ലെന്നു തോന്നുന്നുണ്ടോ. ഇന്ത്യയും കോണ്‍ഗ്രസും ഒന്നാണോ. അവര്‍ തിരഞ്ഞെടുപ്പുസംവിധാനത്തെ മാനിക്കാന്‍ പഠിക്കണം. 17 സംസ്ഥാനങ്ങളില്‍ ഒരു സീറ്റുപോലും നേടാന്‍ കോണ്‍ഗ്രസിനായില്ല. അതിനാലവര്‍ ആത്മപരിശോധന നടത്തി തോല്‍വി അംഗീകരിക്കണം. അവര്‍ക്കിപ്പോഴും നമ്മുടെ വിജയം ദഹിച്ചിട്ടില്ല. പരാജയം ഉള്‍ക്കൊള്ളാനുമാകുന്നില്ലെന്നും മോദി കൂട്ടിച്ചേർത്തു.
Post Your Comments