ന്യൂഡല്‍ഹി : ഇന്റലിജന്‍സ് ബ്യൂറോയുടെ (ഐബി) പുതിയ മേധാവിയായി സ്‌പെഷല്‍ ഡയറക്ടര്‍ അരവിന്ദ് കുമാറിനെ നിയമിച്ചു. സാമന്ത് കുമാര്‍ ഗോയല്‍ ചാര സംഘടനയായ റോയുടെ മേധാവിയാകും. ഗോയല്‍ 29നും അരവിന്ദ് കുമാര്‍ 30നും സ്ഥാനമേല്‍ക്കും. 2 വര്‍ഷമാണ് ഇരുവരുടെയും നിയമനകാലാവധി. നിലവില്‍ റോ സ്‌പെഷല്‍ സെക്രട്ടറിയായ ഗോയല്‍ ബാലാക്കോട്ട് വ്യോമാക്രമണം, പാക്ക് അധീന കശ്മീരിലെ മിന്നലാക്രമണം എന്നിവയുടെ ആസൂത്രണത്തില്‍ മുഖ്യ പങ്കു വഹിച്ചിരുന്നു.
1984 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥരായ ഇരുവരുടെയും നിയമനം പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ മന്ത്രിതല നിയമന സമിതി അംഗീകരിച്ചു. അസം മേഘാലയ കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ അരവിന്ദ് 1991 മുതല്‍ ഐബിയിലാണ്.കശ്മീര്‍, നക്‌സല്‍ വിഷയങ്ങളിലെ വിദഗ്ധനാണ്. പഞ്ചാബ് കേഡര്‍ ഉദ്യോഗസ്ഥനായ ഗോയല്‍ പഞ്ചാബിലെ ഭീകരവാദം, പാക്ക് വിഷയങ്ങളില്‍ വിദഗ്ധനാണ്.
അതേസമയം നീതി ആയോഗിന്റെ സി.ഇ.ഒ അമിതാഭ് കാന്തിന്റെ കാലാവധി രണ്ടുവര്‍ഷത്തേക്ക് കൂടി നീട്ടി. ഈമാസം 30ന് അവസാനിക്കേണ്ടിയിരുന്ന കാലാവധി 2021 ജൂണ്‍ 30വരെ നീട്ടിയത്. കേന്ദ്ര കാബിനറ്റിന്റെ അപ്പോയിന്‍മെന്റ്‌സ് കമ്മിറ്റിയാണ് കാലാവധി നീട്ടിയത്. 2016 ഫെബ്രുവരി 17നാണ് അദ്ദേഹം നീതി അയോഗ് സി.ഇ.ഒ സ്ഥാനമേറ്റത്. ഇന്ത്യയുടെ നിരവധി വികസന പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
Post Your Comments