തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷ രംഗത്ത് കേരളം നടത്തിയ ഇടപെടലിലൂടെ മികച്ച പ്രകടനത്തിന് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്.എസ്.എസ്.എ.ഐ.) ആദ്യ ഭക്ഷ്യ സുരക്ഷാ സൂചികയില്‍ (സ്റ്റേറ്റ് ഫുഡ് സേഫ്റ്റി ഇന്‍ഡക്‌സ്) കേരളം ഒന്നാം നിരയിലെത്തി. സംസ്ഥാന ഭക്ഷ്യ സുരക്ഷാ സൂചികയില്‍ 75 ശതമാനത്തില്‍ കൂടുതല്‍ സ്‌കോര്‍ ചെയ്ത സംസ്ഥാനങ്ങളേയാണ് ഒന്നാം നിരയില്‍ ഉള്‍പ്പെടുത്തിയത്. കേരളമുള്‍പ്പെടെ 7 സംസ്ഥാനങ്ങളാണ് 75 ശതമാനത്തില്‍ കൂടുതല്‍ സ്‌കോര്‍ ചെയ്ത് മുന്‍ നിരയില്‍ എത്തിയിരിക്കുന്നത്. അടുത്തിടെ ആരോഗ്യ സൂചികയിലും കേരളം ഒന്നാമതെത്തിയിരുന്നു.
2018 ഏപ്രില്‍ 1 മുതല്‍ 2019 മാര്‍ച്ച് 31 വരെയുള്ള കാലയലവില്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ഭക്ഷ്യ സുരക്ഷയുടെ 5 വിവിധ പരാമീറ്ററുകള്‍ വിലയിരുത്തിയാണ് ഭക്ഷ്യ സുരക്ഷ സൂചിക തയ്യാറാക്കിയത്. ഫുഡ് ടെസ്റ്റിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍, നിരീക്ഷണ പാരാമീറ്റര്‍ എന്നിവയില്‍ കേരളം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങലിലും ഭക്ഷ്യ സുരക്ഷ രംഗത്ത് നല്ല മത്സരാത്മകത സൃഷ്ടിക്കുന്നതിനും പൊതുജനങ്ങള്‍ക്ക് സുരക്ഷിതവും ആരോഗ്യകരമായ ഭക്ഷണം ഉറപ്പുവരുത്തുന്നതിനുമാണ് സംസ്ഥാന ഭക്ഷ്യ സുരക്ഷാ സൂചിക പുറത്തിറക്കാന്‍ എഫ്.എസ്.എസ്.എ.ഐ. തീരുമാനിച്ചത്.
ഭക്ഷ്യ സുരക്ഷ രംഗത്ത് കേരളം നടപ്പിലാക്കിവരുന്ന വിവിധ പദ്ധതികള്‍ക്കുള്ള അംഗീകാരമാണിതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. സംസ്ഥാനത്തെ ഒരു മാതൃക ഭക്ഷ്യസുരക്ഷാ സംസ്ഥാനമാക്കി മാറ്റുക എന്നതാണ് ഈ സര്‍ക്കാരിന്റെ ലക്ഷ്യം. ‘സുരക്ഷിത ആഹാരം ആരോഗ്യത്തിന് ആധാരം’ എന്നതാണ് മുദ്രാവാക്യം. ഈ മുദ്രാവാക്യം പ്രാവര്‍ത്തികമാക്കുന്നതിന് വേണ്ടി നിരവധി പദ്ധതികള്‍ കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. സ്‌കൂള്‍ കുട്ടികളില്‍ സുരക്ഷിതവും, ആരോഗ്യകരവുമായ ഭക്ഷണവും ഭക്ഷണ രീതികളെയും കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനു വേണ്ടി സേഫ് ന്യൂട്രീഷ്യസ് ഫുഡ് @ സ്‌കൂള്‍ എന്ന പദ്ധതി വിജയകരമായി ഏകദേശം 420 സ്‌കൂളുകളില്‍ നടപ്പിലാക്കി കഴിഞ്ഞു. ഈ വര്‍ഷം 297 സ്‌കൂളുകളില്‍ നടപ്പിലാക്കുന്ന ഈ പദ്ധതി രാജ്യത്തിനാകെ മാതൃകയാണ്.
ഗ്രാമങ്ങളില്‍ സുരക്ഷിതവും ആരോഗ്യപരവുമായ ഭക്ഷണം ഉറപ്പുവരുത്തുന്നതിനുവേണ്ടി ‘സമ്പൂര്‍ണ ഭക്ഷ്യ സുരക്ഷാ ഗ്രാമപഞ്ചായത്തുകള്‍’ എന്ന പദ്ധതി നടപ്പിലാക്കി വരുന്നു. 270 ഗ്രാമപഞ്ചായത്തുകളില്‍ ഈ പദ്ധതി നടപ്പിലാക്കി. അടുത്ത രണ്ടു വര്‍ഷം കൊണ്ട് എല്ലാ ഗ്രാമപഞ്ചായത്തുകളിലും പദ്ധതി നടപ്പിലാക്കാനുള്ള തീവ്രശ്രമത്തിലാണ് ഈ സര്‍ക്കാര്‍. കൊല്ലം ജില്ലാ ഇന്ത്യയിലെ ആദ്യത്തെ ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് /രജിസ്‌ട്രേഷന്‍ ഉള്ള ജില്ലയായി. ഭക്ഷ്യ സുരക്ഷ സംസ്ഥാനത്ത് ഉറപ്പുവരുത്തുന്നതിനുവേണ്ടി ഏകദേശം 110 ഓളം ഫുഡ് സേഫ്റ്റി ഓഫീസര്‍മാരെ പുതുതായി നിയമിക്കുകയും അവര്‍ക്ക് ട്രെയിനിംഗ് നല്‍കി നോട്ടിഫൈ ചെയ്യുകയും ചെയ്തിട്ടുണ്ട്. മല്‍സ്യത്തിലെ മായം കണ്ടുപിടിക്കുന്നതിന് വേണ്ടി ഓപ്പറേഷന്‍ ‘സാഗര്‍ റാണി’ പദ്ധതിക്ക് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി ഫോര്‍മാലിന്‍ അടക്കമുള്ള മത്സ്യങ്ങളിലെ മായം കുറച്ച് കൊണ്ടുവരാന്‍ കഴിഞ്ഞു. ശര്‍ക്കരയിലെ മായം കണ്ടുപിടിക്കുന്നതിനു ഓപ്പറേഷന്‍ ‘പനേല’ എന്ന പദ്ധതിക്ക് രൂപം നല്‍കി. ഇതുപോലെയുള്ള പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
Post Your Comments