തിരുവനന്തപുരം : സിപിഎം കണ്ണൂര്‍ ലോബി കേരള രാഷ്ട്രീയത്തിന് ഭാരമായി മാറിയിരിക്കുന്നതായി സിഎംപി ജനറല്‍ സെക്രട്ടറി സി.പി ജോണ്‍ പറഞ്ഞു. ആന്തൂറിലെ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സിഎംപി ജില്ലാ കൗണ്‍സില്‍ നടത്തിയ സെക്രട്ടറിയേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഇദ്ദേഹം.
കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ പി.ജയരാജന്, ഇ.പി ജയരാജനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഈ യോഗത്തില്‍ കോടിയേരി ഇ.പി ജയരാജന് അനുകൂലമായ നിലപാടെടുത്തു. ഇതിനെ തുടര്‍ന്നാണ് കോടിയേരിക്കെതിരെ വ്യക്തിപരമായ ആക്രമണത്തിന് പി.ജയരാജന് ഒത്താശ ചെയ്തുകൊടുത്തത്. പിണറായി വിജയന് ഏറെക്കാലം ഈ ലോബിയെ സംരംക്ഷിക്കാനാകില്ല. കണ്ണൂര്‍ ലോബി കാട്ടിക്കൂട്ടുന്ന ദുര് നടപടികള്‍ക്കെതിരെ നടപടി എടുക്കാന്‍ മുഖ്യമന്ത്രിക്ക് നട്ടെല്ലുണ്ടോ എന്നും സി.പി. ജോണ്‍ ചോദിച്ചു.
അതേസമയം ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് നഗരസഭ ഉദ്യോഗസ്ഥരില്‍ നിന്ന് മൊഴിയെടുക്കും. സസ്പെന്‍ഷനിലായ സെക്രട്ടറിയടക്കമുള്ളവരില്‍ നിന്നാണ് മൊഴിയെടുക്കുക. ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതിന് ശേഷമാകും ചെയര്‍പേഴ്സണ്‍ പി.കെ.ശ്യാമളയുടെ മൊഴി രേഖപ്പെടുത്തുക. പാര്‍ഥ കണ്വെന്ഷന് സെന്ററിന്റെ നിര്‍മാണത്തില്‍ അപാകതയുണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ വിദഗ്ധ സംഘത്തെ കൊണ്ട് പരിശോധിപ്പിക്കാനും അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്.
Post Your Comments