ബ്രിട്ടനും ഇന്ത്യയുമായുള്ള ബന്ധം സുഗമമാക്കുന്നതില്‍ സ്വാധീനം ചെലുത്തിയ നൂറ് സ്ത്രീകളുടെ പട്ടികയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനും. ബ്രിട്ടനിലെ ഏറ്റവും മുതിര്‍ന്ന കാബിനറ്റ് മന്ത്രിമാരില്‍ ഒരാളായ പെന്നി മൊര്‍ദോണ്ടും പട്ടികയിലുണ്ട്.
ലണ്ടനിലെ ഹൗസസ് ഓഫ് പാര്‍ലമെന്റിലെ ഇന്ത്യ ഡേ ആഘോഷവുമായി ബന്ധപ്പെട്ടാണ് യുകെ ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദ് തിങ്കളാഴ്ച നൂറ് പേരുടെ പട്ടിക പുറത്തിറക്കിയത്. ഇന്ത്യയിലെ ഏറ്റവും ശക്തരായ വനിതകളില്‍ ഒരാളായാണ് ഇതില്‍ നിര്‍മല സീതാരാമനെ വിശേഷിപ്പിക്കുന്നത്. ഇപ്പോള്‍ ധനകാര്യമന്ത്രിയായ നിര്‍മല സീതാരാമന്‍ മുന്‍ പ്രതിരോധ മന്ത്രിയെന്ന നിലയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചതായും ബ്രിട്ടന്‍ പറയുന്നു.
ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ (എല്‍എസ്ഇ) പഠിക്കുകയും തുടര്‍ന്ന് യുകെയില്‍ ജോലി ചെയ്യുകയും ചെയ്ത നിര്‍മ്മലയ്ക്ക് മറ്റ് സഹപ്രവര്‍ത്തകരേക്കാള്‍ ബ്രിട്ടനുമായി കൂടുതല്‍ പരിചയമുണ്ടെന്ന് യുകെ ആസ്ഥാനമായുള്ള മീഡിയ ഹൗസ് പുറത്തിറക്കിയ പവര്‍ ലിസ്റ്റ് ചൂണ്ടിക്കാണിക്കുന്നു. ബ്രിട്ടന്‍ പ്രതിരോധ സ്റ്റേറ്റ് സെക്രട്ടറി പെന്നി മൊര്‍ദോണ്ടാണ് പട്ടികയില്‍ ഇടംപിടിച്ച മറ്റൊരു രാഷ്ട്രീയപ്രവര്‍ത്തക. പ്രതിരോധസ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്തെത്തുന്ന ആദ്യ വനിതയുമാണിവര്‍..
പ്രബലരായ രണ്ട് രാജ്യങ്ങള്‍ എന്ന നിലയില്‍ ഒന്നിച്ച് മുന്നോട്ട് പോകുമ്പോള്‍ യുകെയുടെയും ഇന്ത്യയുടെയും ഭാവിയിലേക്കുള്ള വലിയ സാധ്യതകളും പട്ടിക ചൂണ്ടിക്കാണിക്കുന്നുണ്ട്. രാഷ്ട്രീയം, സാങ്കേതികവിദ്യ, സുസ്ഥിരത എന്നിവയുള്‍പ്പെടെ 11 വിശാലമായ മേഖലകളിലായി ഇന്ത്യയിലും യുകെയിലും സ്വാധീന സ്ഥാനങ്ങളിലുള്ളവരാണ് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്.
Post Your Comments