Latest NewsIndia

ഇത് യോഗിത രഘുവംശി; കിലോമീറ്റുകള്‍ പിന്നിട്ട് ബിവറേജസ് ഗോഡൗണിലേക്ക് ലോഡുമായെത്തിയ ധീരവനിതയ്ക്ക് സോഷ്യല്‍ മീഡിയയുടെ കൈയ്യടി

പാലക്കാട്: പേര് യോഗിത രഘുവംശി, സ്വദേശം ഉത്തര്‍പ്രദേശ്. പാലക്കാട്ടെ ബിവറേജസ് കോര്‍പറേഷന്‍ ഗോഡൗണിലേക്ക് ലോഡുമായി എത്തിയ പേര് യോഗിത രഘുവംശി എന്ന 45കാരിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ഒരു ക്ലീനര്‍ പോലുമില്ലാത്ത ലോറി ഓടിച്ചെത്തുന്ന യോഗിത പലരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. മൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് വാര്‍ത്തകളിലിടം നേടിയ സംഭവം ഇപ്പോള്‍ നിരവധി ഗ്രൂപ്പുകളിലും പേഴ്‌സണല്‍ അക്കൗണ്ടുകളിലും വീണ്ടും ചര്‍ച്ചയാകുകയാണ്.ഫുള്‍ ലോഡ് നിറച്ച കൂറ്റന്‍ മഹീന്ദ്രാ നാവിസ്റ്റര്‍ ട്രക്കുമായി യോഗിത എത്തുന്നത് 2341 കിലോമീറ്റര്‍ പിന്നിട്ടാണ്. ചങ്കൂറ്റവും ഇത്തിരി ഇച്ഛാശക്തിയുമുണ്ടെങ്കില്‍ പുരുഷന്മാര്‍ മാത്രം പയറ്റിത്തെളിഞ്ഞ ഏത് മേഖലയിലും സ്ത്രീകള്‍ക്കും ശോഭിക്കാം എന്നതിന്റെ ഉദാഹരണമാണ് അവര്‍.

യോഗിതയെക്കുറിച്ചുള്ള ഫേസ് ബുക്ക് പോസ്റ്റ്

”പാലക്കാട്ടെ ബിവറേജസ് കോര്‍പറേഷന്‍ ഗോഡൗണില്‍ ലോഡുമായി എത്തുന്ന ഒരു ലോറി നാട്ടുകാര്‍ക്ക് ഏറെ പ്രീയപ്പെട്ടതാണ്. കാരണം ആ കൂറ്റന്‍ മഹീന്ദ്രാ നാവിസ്റ്റര്‍ ട്രക്ക് ഓടിക്കുന്നത് ഒരു വനിതയാണ്. 45 കാരിയായ യോഗിതരഘുവംശി.

14 ചക്രങ്ങളുള്ള ലോറിയില്‍ ക്ലീനര്‍ പോലുമില്ലാതെ 2341കിലോമീറ്റര്‍ കടന്നാണ് ആഗ്രയില്‍ നിന്നും അവര്‍ പാലക്കാട്ടെത്തുന്നത്. വഴി നീളെ അപകടങ്ങള്‍ പതിയിരിക്കുന്ന, ആണുങ്ങള്‍ മാത്രം പയറ്റിയതെളിഞ്ഞ ദുര്‍ഘടമായ നിരത്തുകളിലേക്ക് ഒരു പഴയ ട്രക്കിലേറി കോമേഴ്‌സ്/നിയമ ബിരുദധാരിണി ആയ ഈ ഉത്തര്‍ പ്രദേശുകാരി എത്തിയത് 2000ലാണ്.

ട്രക്ക് ഡ്രൈവറായിരുന്ന ഭര്‍ത്താവിന്റെ മരണ ശേഷം, അര്‍ഹതപ്പെട്ട സ്വത്ത് ബന്ധുക്കള്‍ തട്ടിയെടുത്തപ്പോള്‍,രണ്ട് മക്കളെ പോറ്റുന്നതിന് അവര്‍ ഈ ജോലി തിരഞ്ഞെടുത്തു. അതിനു ശേഷം അഞ്ചര ലക്ഷത്തിലേറെ കിലോ മീറ്ററുകള്‍ അവര്‍ ട്രക്കോടിച്ചു….. ഏകാകിയായി!

അദ്ധ്വാനിക്കാനുള്ള മനസും പ്രതികൂലാവസ്ഥകളെ നേരിടാനുള്ള ചങ്കൂറ്റവും ഉണ്ടങ്കില്‍ ഈ മഹാരാജ്യത്ത് ലക്ഷോപലക്ഷം യോഗിതമാര്‍ ഉണ്ടാകും. സ്ത്രീ സമത്വം ശക്തിപ്പെടും. സ്ത്രീത്വത്തെ ആദരവോടെ കാണുന്ന നല്ല തലമുറ ഇവിടെയുണ്ട് എന്നതിനുള്ള തെളിവ് കൂടിയാണ് യോഗിത”.

shortlink

Related Articles

Post Your Comments

Related Articles


Back to top button