മലപ്പുറം: പുറംലോകവുമായി ബന്ധമില്ലാത്ത ചോലനായ്‌ക്കര്‍ വസിക്കുന്ന നിലമ്പൂര്‍ മാഞ്ചീരി ആദിവാസി കോളനിയില്‍ ബാല്യം മാറാത്ത രണ്ടു പെണ്‍കുട്ടികള്‍കൂടി അമ്മയാകാനൊരുങ്ങുന്നു. പോക്‌സോ പ്രകാരം കേസെടുക്കാനാവതെ അധികൃതര്‍. ചോലനായ്‌ക്കവിഭാഗത്തിലെ പെണ്‍കുട്ടികള്‍ ലൈംഗികചൂഷണത്തിന് ഇരയാകുന്ന സംഭവങ്ങള്‍ ഗൗരവത്തോടെ കാണാന്‍ അധികൃതര്‍ ഇപ്പോഴും തയാറല്ല. കുട്ടികള്‍ ഗര്‍ഭിണികളാണെന്നു സ്‌ഥിരീകരിച്ചെങ്കിലും നിയമനടപടി പ്രയാസമാണെന്നു നിലമ്പൂര്‍ ഐ.ടി.ഡി.പി. ഓഫീസര്‍ ടി. ശ്രീകുമാര്‍ കൈമലര്‍ത്തുന്നു.
ഇവര്‍ക്ക് ആവശ്യമായ ഭക്ഷണസാധനങ്ങള്‍ എത്തിക്കുന്നുണ്ട്. ആവശ്യമെങ്കില്‍ മറ്റു സഹായങ്ങളും ലഭ്യമാക്കും. ഏഷ്യയിലെ ഏക പ്രാക്‌തനഗോത്രവും ഗുഹാവാസികളുമായ ചോലനായ്‌ക്കരുടെ ജീവിതം അത്യപൂർവ്വമാണ്. നിലവില്‍ ഗര്‍ഭിണികളായ രണ്ടു പെണ്‍കുട്ടികള്‍ക്കും 13 വയസേയുള്ളൂ. ഇവരിലൊരാള്‍ വിവാഹിതയുമാണ്! ഒന്നരവയസുള്ള ആദ്യത്തെ കുഞ്ഞിനെ ഒക്കത്തു പേറുമ്പോഴാണ് ഇവള്‍ രണ്ടാമതും ഗര്‍ഭം ധരിച്ചത്. അവിവാഹിതയായ പെണ്‍കുട്ടി നാലുമാസം ഗര്‍ഭിണിയാണ്.
മാതാപിതാക്കള്‍ നേരത്തേ മരിച്ചു. ഉറ്റബന്ധുവിനൊപ്പമാണു താമസം. നാമാവശേഷമായിക്കൊണ്ടിരിക്കുന്ന ചോലനായ്‌ക്ക വിഭാഗത്തില്‍ ഇപ്പോള്‍ അഞ്ഞൂറില്‍ത്താഴെ ആളുകളേയുള്ളൂ. ആദിവാസി ക്ഷേമത്തിനായി സര്‍ക്കാര്‍ ചെലവഴിക്കുന്നതൊന്നും ഇവരുടെ കോളനികളിലെത്താറില്ല. ഊരുകളിലും ഗുഹകളിലുമൊക്കെയാണ് ഇപ്പോഴും പ്രസവം നടക്കുന്നത്. ആശുപത്രികള്‍ കണ്ടിട്ടുപോലുമില്ലാത്തവരാണു മാഞ്ചീരി കോളനിയിലുള്ളത്. ഇതേ കോളനിയില്‍ ഭര്‍തൃമതിയായ ഇരുപത്തിമൂന്നുകാരിയെ പീഡിപ്പിച്ചശേഷം മറ്റു പലര്‍ക്കും കാഴ്‌ചവച്ച ജീപ്പ് ഡ്രൈവര്‍ മുമ്പ് അറസ്‌റ്റിലായിരുന്നു.
മാഞ്ചീരി, പാട്ടക്കരിമ്പ് , മുണ്ടക്കടവ് കോളനികളില്‍ഇപ്പോഴും അവിവാഹിത അമ്മമാരുണ്ട്. വനത്തില്‍ കൂപ്പുജോലിക്കും മറ്റുമായി എത്തുന്നവരുടെ ഇരകളാണിവര്‍. ആദിവാസി സ്‌ത്രീകള്‍ക്കു മദ്യം നല്‍കിയാണു പലപ്പോഴും പീഡനത്തിന് ഇരയാക്കുന്നത്. അമ്പുമല, പ്ലാക്കല്‍ചോല, അപ്പന്‍കാപ്പ്, സുല്‍ത്താന്‍പടി തുടങ്ങിയ ആദിവാസി കോളനികളില്‍ പുറത്തുനിന്നുള്ളവര്‍ ദുരുദ്ദേശ്യത്തോടെ കടക്കുന്നതായും പരാതിയുണ്ട്. മംഗളമാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Post Your Comments