125 ഡ്യൂക്കിന്റെ പൂര്‍ണ്ണ ഫെയറിംഗ് പതിപ്പായ RC125 ന്റെ ഡെലിവറി രാജ്യത്തെ വിവിധ ഡീലര്‍ഷിപ്പുകളില്‍ ആരംഭിച്ചു

മുംബൈ: കെടിഎമ്മിന്റെ പ്രാരംഭ മോഡലായ 125 ഡ്യൂക്കിന്റെ പൂര്‍ണ്ണ ഫെയറിംഗ് പതിപ്പായ RC125 ന്റെ ഡെലിവറി രാജ്യത്തെ വിവിധ ഡീലര്‍ഷിപ്പുകളില്‍ ആരംഭിച്ചു. വില്‍പ്പനയ്‌ക്കെത്തുന്നതിന് മുമ്പ് തന്നെ വിപണിയില്‍ വലിയ രീതിയിലുള്ള പ്രചാരമാണ് കെടിഎം RC125 നേടിയത്.

രാജ്യാന്തര വിപണിയില്‍ കമ്പനി അവതരിപ്പിച്ച മോഡലിനെയപേക്ഷിച്ച് വ്യത്യസ്തമാണ് ഇന്ത്യന്‍ മോഡല്‍ RC125. ബ്ലാക്ക്, ഓറഞ്ച് നിറങ്ങള്‍ കലര്‍ന്ന തനത് കെടിഎം ശൈലിയില്‍ തന്നെയാണ് RC125 -ന്റെ പുറംമോടി ഡിസൈന്‍ ചെയ്തിരിക്കുന്നത്. ബൈക്കിലെ ട്രെല്ലിസ് ഫ്രെയിമിന് ബ്ലാക്ക് നിറവും വീലുകള്‍ക്ക് ഓറഞ്ച് നിറവുമാണ് കമ്പനി നല്‍കിയിരിക്കുന്നത്. കെടിഎം RC200, RC390 എന്നിവയില്‍ കമ്പനി ഉപയോഗിച്ചിരിക്കുന്ന ഫ്രെയിം തന്നെയാണിത്.

ബ്രേക്ക് സംവിധാനങ്ങൾ RC125 കടമെടുത്തിരിക്കുന്നത് കെടിഎം 125 ഡ്യൂക്കില്‍ നിന്നാണ്. മുന്നില്‍ 300 mm ഡിസ്‌ക്കും പുറകില്‍ 230 mm ഡിസ്‌ക്കുമാണ് ബ്രേക്കിംഗ് നിര്‍വ്വഹിക്കുക. ബൈക്കില്‍ ഒറ്റ ചാനല്‍ എബിഎസ് സംവിധാനവും റിയര്‍ വീല്‍ മിറ്റിഗേഷന്‍ സംവിധാനവും കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്നില്‍ 43 mm അപ്പ്-സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും പുറകില്‍ മോണോഷോക്കും സസ്‌പെന്‍ഷന്‍ നിറവേറ്റും. 125 സിസി ശേഷിയുള്ള ഒറ്റ സിലിണ്ടര്‍ ഫ്യുവല്‍ ഇഞ്ചക്റ്റഡ് ലിക്വിഡ് കൂളിംഗ് എഞ്ചിനാണ് കെടിഎം RC125 -ല്‍ തുടിക്കുന്നത്. 9,250 rpm -ല്‍ 14 bhp കരുത്തും 8,000 rpm -ല്‍ 12 Nm torque ഉം പരമാവധി സൃഷ്ടിക്കുന്നതാണ് ഈ എഞ്ചിന്‍. 125 ഡ്യൂക്കുമായാണ് ഈ എഞ്ചിന്‍ RC125 പങ്കിടുക. 1.47 ലക്ഷം രൂപയാണ് വില.

Share
Leave a Comment