
ഗാന്ധിനഗര്‍: ക്ഷേത്രത്തില്‍ മുതല കയറിയത് ദേവിയുടെ അനുഗ്രഹം മൂലമാണെന്നും അത്ഭുത പ്രവൃത്തിയാണെന്നും ഭക്ത ജനങ്ങള്‍. ഇതോടെ വാര്‍ത്തയറിഞ്ഞ് മുതലയെ രക്ഷിക്കാനെത്തിയ വനം വകുപ്പ് അധികൃതര്‍ വെട്ടിലായി. ഭക്തര്‍ പൂജയും മറ്റും തുടങ്ങിയതിനാലാണ് മുതലയെ രക്ഷിക്കുന്നത് വൈകിയത്. ഗുജറാത്തിലെ മഹിസാഗര്‍ ജില്ലയിലെ പല്ല ഗ്രാമത്തിലെ കോടിയാര്‍ മാ ക്ഷേത്രത്തിലാണ് സംഭവം. ഗുജറാത്തിലെ പട്ടേല്‍ വിഭാഗത്തിന്റെ കുലദൈവമായി കാണുന്ന ദേവിയാണ് ഇത്. പുരാണത്തില്‍ മുതലയുടെ പുറത്ത് യാത്ര ചെയ്യുന്ന ദേവിയാണ് കോടിയാര്‍ മാ. അതിനാല്‍ തന്നെ ക്ഷേത്രത്തിന് അകത്ത് മുതല കയറിയത് വലിയ അത്ഭുത പ്രവര്‍ത്തിയാണെന്ന് പറഞ്ഞ് ക്ഷേത്ര പരിസരത്ത് ഭക്തര്‍ തടിച്ചുകൂടി.
മുതല കയറിയതോടെ ഭക്തര്‍ ക്ഷേത്രത്തില്‍ ഭജനയും പൂജയും ആരംഭിച്ചു. മുതലയെ ക്ഷേത്രത്തില്‍ നിന്നും പുറത്ത് എത്തിക്കാനുള്ള വനം വകുപ്പിന്റെ ദൗത്യം നാട്ടുകാര്‍ വൈകിപ്പിച്ചെന്നാണ് മഹിസാഗര്‍ ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ആര്‍എം പാര്‍മര്‍ പറയുന്നത്. രണ്ട് മണിക്കൂറോളമാണ് വനം വകുപ്പിന്റെ ജോലി തടസപ്പെട്ടത്. ‘ഞങ്ങള്‍ അവിടെ എത്തിയപ്പോള്‍ തന്നെ വനംവകുപ്പിന്റെ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. മതപരമായ വികാരം വൃണപ്പെടുത്താന്‍ ഉദ്ദേശം ഇല്ലാത്തതിനാല്‍ ഞങ്ങള്‍ രണ്ട് മണിക്കൂര്‍ കാത്തുനിന്നു. പിന്നീട് ഞങ്ങള്‍ക്ക് മുതലയെ അടുത്തുള്ള തടാകത്തിലേക്ക് മാറ്റാന്‍ സാധിച്ചു’. ആര്‍എം പാര്‍മര്‍ പറയുന്നു.
ഈ പ്രദേശത്തെ ജലാശയങ്ങളില്‍ സാധാരണയായി മുതലകളെ കണ്ടുവരാറുണ്ടെന്ന് വനംവകുപ്പ് പറയുന്നു. ഈ മുതലകള്‍ സാധാരണമായി 4-5 കിലോമീറ്റര്‍ ഭക്ഷണത്തിനായി സഞ്ചരിക്കും. അത്തരത്തില്‍ ക്ഷേത്ര പരിസരത്ത് എത്തിപ്പെട്ടതാകാം ഈ മുതല എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
Post Your Comments