Latest NewsIndia

ആശുപത്രി പരിസരത്ത് നൂറിലധികം അസ്ഥികൂടങ്ങള്‍; 15 എണ്ണം ഒരാഴ്ചയ്ക്കുള്ളില്‍ കത്തിച്ചത്

പട്ന: മസ്തിഷ്‌കവീക്കം ബാധിച്ച് 172 കുട്ടികള്‍ മരിച്ച എസ്‌കെ മെമ്മോറിയല്‍ സര്‍ക്കാര്‍ ആശുപത്രി വീണ്ടും വാര്‍ത്തയില്‍. ആശുപത്രി പരിസരത്ത് നിന്ന് നൂറിലധികം അസ്ഥികൂടങ്ങള്‍ കണ്ടെത്തി. ഇതില്‍ 15 എണ്ണം ഒരാഴ്ചയ്ക്കുള്ളില്‍ കത്തിച്ചതാണെന്നാണ് ആശുപത്രി ഉദ്യോഗസ്ഥര്‍ പറയുന്നത്. ആശുപത്രി പരിസരം ഒരു ശ്മശാനസ്ഥലത്തിന് തുല്യമാണിപ്പോള്‍. ചില മൃതദേഹങ്ങള്‍ രണ്ട് ദിവസം മുമ്പ് കത്തിച്ചതാണ്.

മുഖ്യമന്ത്രി നിതീഷ് കുമാര്‍ കഴിഞ്ഞയാഴ്ച്ച ആശുപത്രിയില്‍ സന്ദര്‍ശനത്തിന് എത്തിയിരുന്നു. ഇതിന് മുമ്പായി അവകാശികളാരുമില്ലാത്ത പതിനഞ്ച് മൃതദേഹങ്ങള്‍ കത്തിച്ചതായി ആശുപത്രി ജീവനക്കാര്‍ പറഞ്ഞു. ആശുപത്രി പരിസരത്ത് നിന്ന് അസ്ഥികൂടങ്ങള്‍ കണ്ടെടുത്തതായി ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് കുമാര്‍ ശനിയാഴ്ച സ്ഥിരീകരിച്ചു. വിശദമായ അന്വേഷണം നടത്താന്‍ മുസാഫര്‍പൂര്‍ ജില്ലാ മജിസ്ട്രേറ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശരിയായി കത്തിക്കാത്ത മനുഷ്യശരീരങ്ങളുടെ അവശിഷ്ടങ്ങളും ഇക്കൂട്ടത്തില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് 72 മണിക്കൂറിനുശേഷവും ക്ലെയിം ചെയ്യാത്ത മൃതദേഹങ്ങള്‍ കത്തിക്കുന്നത് പതിവാണെന്ന് മുസാഫര്‍പൂരിലെ ഡിഎം ആശിഷ് രഞ്ജന്‍ ഘോഷ് പറഞ്ഞു. തൊട്ടടുത്തുള്ള ദാദര്‍ ഘട്ട് ശ്മശാനത്തില്‍ മൃതദേഹങ്ങള്‍ കത്തിക്കാന്‍ ഇപ്പോള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ശനിയാഴ്ച സ്ഥലം സന്ദര്‍ശിച്ച ആരോഗ്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി കൗശല്‍ കിഷോര്‍ പോലീസ് അധികൃതരുടെ മേല്‍ കുറ്റം ചുമത്തി. 72 മണിക്കൂറിനു ശേഷവും മൃതദേഹം പോസ്റ്റ്മോര്‍ട്ടം മുറിയില്‍ അവകാശപ്പെടാതെ കിടക്കുകയാണെങ്കില്‍ പോലീസിനെ വിവരം അറിയിക്കുന്നു. ശവസംസ്‌കാരത്തിനായി ഭരണകൂടം 2000 രൂപ നല്‍കുന്നുണ്ടെന്നും പൊലീസാണ് സംസ്‌കാരം നടത്തേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്തായാലും പരസ്പരം പഴിചാരി ആശുപത്രി അധികൃതരും പൊലീസും ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുമ്പോള്‍ മുഷ്യത്വരഹിതമായ പ്രവൃത്തികളാണ് ഇവിടെ നടക്കുന്നതെന്ന് വ്യക്തം.

shortlink

Related Articles

Post Your Comments

Related Articles


Back to top button