മിഷിഗണ്‍: ഭര്‍ത്താവിനെ തേടിയെത്തിയത് 80 മില്യണ്‍ (എട്ടുകോടി) അമേരിക്കന്‍ ഡോളറിന്റെ ജാക്ക്പോട്ട് സമ്മാനം. വിവാഹ മോചന കേസ് കോടതിയില്‍ നടന്നുകൊണ്ടിരിക്കുന്ന കാലയളവായതിനാല്‍ ഭാഗ്യം യുവതിയുടെ ഭാഗത്തായി. ജാക്ക്‌പോട്ടില്‍ നിന്ന് ലഭിച്ച വന്‍തുകയുടെ അവകാശവാദം സംബന്ധിച്ച തര്‍ക്കം വീണ്ടും കോടതിയിലെത്തി. സമ്മാനത്തുക ഭര്‍ത്താവിന് മാത്രം അവകാശപ്പെട്ടതാണെന്ന് അഭിഭാഷകന്‍ വാദിച്ചുവെങ്കിലും കോടതി അംഗീകരിച്ചില്ല. ഭാര്യയ്ക്കും ഒരു വിഹിതം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു.
റിച്ചാര്‍ഡ് സെലാസ്‌കോയ്ക്കാണ് ഭാര്യ മേരി സെലാസ്‌കോയുമായുള്ള വിവാഹ മോചനക്കേസ് കോടതിയിലിരിക്കെ വന്‍തുക ലോട്ടറിയടിച്ചത്. ഏഴുവര്‍ഷം നീണ്ട ദാമ്പത്യത്തിന് ഒടുവിലാണ് ഇരുവരും പിരിയാന്‍ തീരുമാനമെടുത്തത്. 2011 ല്‍ വിവാഹ മോചനംതേടി ഇരുവരും കോടതിയെ സമീപിച്ചു. നിയമനടപടികള്‍ നീണ്ടത് 2018വരെ. അതിനിടെ 2013ലാണ് റിച്ചാര്‍ഡിന് ലോട്ടറിയടിച്ചത്.
വിവാഹ മോചനക്കേസ് ഫയല്‍ചെയ്തതിന് പിന്നാലെ സ്വത്തുവകകള്‍ പങ്കിട്ടെടുക്കുന്നതിനുവേണ്ടി ഒരുവരും ഒരു മധ്യസ്ഥനെ നിയോഗിച്ചിരുന്നു. ജാക്ക്പോട്ട് തുകയുടെ ഒരുഭാഗം മേരിക്കും നല്‍കണമെന്നാണ് മധ്യസ്ഥനും അഭിപ്രായപ്പെട്ടത്. എന്നാല്‍, നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകും മുമ്‌ബേ 2014 ല്‍ മധ്യസ്ഥന്‍ മരിച്ചു. ഇതോടെയാണ് വിഷയം വീണ്ടും കോടതിക്ക് മുന്നിലെത്തിയത്.
വിഷയത്തില്‍ മധ്യസ്ഥന്‍ സ്വീകരിച്ച നിലപാടാണ് ശരിയെന്ന് കോടതി കണ്ടെത്തി. ചൂതാട്ടത്തിലൂടെ റിച്ചാര്‍ഡ് ഒരുപാട് പണം നഷ്ടപ്പെടുത്തിയിട്ടുണ്ടെന്ന് മധ്യസ്ഥന്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതിന്റെയെല്ലാം ദുരിതം പങ്കുവച്ച മേരിക്ക് ലോട്ടറിയടിച്ച് കിട്ടിയ തുകയിലും പങ്കാളിത്തമുണ്ടെന്നായിരുന്നു മധ്യസ്ഥന്റെ നിലപാട്. റിച്ചാര്‍ഡിന്റെ ഭാഗ്യംകൊണ്ടാണ് ലോട്ടറിയടിച്ചത് എന്നതടക്കമുള്ള വാദങ്ങള്‍ അഭിഭാഷകന്‍ നിരത്തിലെങ്കിലും കോടതി അതൊന്നും അംഗീകരിച്ചില്ല.
Post Your Comments