KeralaLatest News

ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ മയക്കുമരുന്ന് നല്‍കി കവര്‍ച്ച നടത്തി; കമിതാക്കള്‍ക്ക് കടുത്ത ശിക്ഷ

ആലപ്പുഴ : ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീക്ക് മയക്കുമരുന്ന് നല്‍കി കവര്‍ച്ച നടത്തിയ കമിതാക്കള്‍ക്ക് ശിക്ഷ വിധിച്ചു. നീലംപേരൂര്‍ 2ാം വാര്‍ഡില്‍ മണമേല്‍ വീട്ടില്‍ താമസിക്കുന്ന റിട്ട.നഴ്‌സായ ചിന്നമ്മ കുര്യന്റെ (67) സ്വര്‍ണമാണു കവര്‍ന്നത്. കൊല്ലം പവിത്രേശ്വരം പുഷ്പമംഗലത്ത് വീട്ടില്‍ ദില്‍ജിത്ത് (കണ്ണന്‍25), കോട്ടയം നാഗമ്പടം ശിവക്ഷേത്രത്തിനു സമീപം അരങ്ങത്തുമാരി വീട്ടില്‍ സംഗീത (ഗീത38) എന്നിവരെയാണ് ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. കേസില്‍ കമിതാക്കള്‍ക്ക് 10 വര്‍ഷം തടവും 50,000 രൂപ വീതം പിഴയുമാണ് വിധിച്ചത്.

2014 ജൂലൈ രാത്രി 8.30ന് ആയിരുന്നു സംഭവം. ചിന്നമ്മയ്ക്ക് ശീതളപാനീയത്തില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കി ബന്ധനസ്ഥയാക്കിയാണ് മോഷണം നടത്തിയത്. യാത്രയ്ക്കിടയിലുണ്ടായ സൗഹൃദമാണ് കവര്‍ച്ചയിലെത്തിയത്. സ്ഥിരമായി ഇത്തരം തട്ടിപ്പുകള്‍ നടത്തി ജീവിക്കുന്ന സംഗീതയും ദില്‍ജിത്തും യാത്രയ്ക്കിടെ ദമ്പതികാളാണെന്നു പറഞ്ഞാണ് ചിന്നമ്മയെ പരിചയപ്പെടുന്നത്. പിന്നീട് സൗഹൃദം നടിച്ച് ഇരുവരും ചിന്നമ്മയുടെ വീട്ടിലെത്തി. രാത്രി അവിടെ തങ്ങാന്‍ തീരുമാനിച്ചു.

അത്താഴത്തിനു ശേഷം മയക്കുമരുന്ന് കലക്കിയ പാനീയം ഇരുവരും ചേര്‍ന്നു ചിന്നമ്മയെ നിര്‍ബന്ധിപ്പിച്ചു കുടിപ്പിച്ചു. വായില്‍ തുണി തിരുകി കൈകാലുകള്‍ കെട്ടിയിട്ടു. പിന്നീട് മാലയും വളയും ഉള്‍പ്പെടെയുള്ള സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഘം കടന്നു. ആലപ്പുഴ കരൂരില്‍ സമാനമായ കേസില്‍ ഇവര്‍ അറസ്റ്റിലായതോടെ ആണ് ഈ കേസും തെളിഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button