പാലക്കാട്: ഫഹദ് ഫാസില്‍ വേഷമിട്ട ‘മഹേഷിന്റെ പ്രതികാരം’ എന്ന സിനിമയിലെ നായക കഥാപാത്രത്തെ വീണ്ടും ഒര്മ്മിപ്പിക്കുകയാണ് പാലക്കാട് എം.പി വി.കെ ശ്രീകണ്ഠന്. ശത്രുവിനെ മലര്‍ത്തിയടിച്ച ശേഷമെ ചെരിപ്പിടൂ എന്നതായിരുന്നു മഹേഷിന്റെ പ്രതികാരം. പ്രതികാരം സാക്ഷാത്ക്കരിക്കുന്നതോടെയാണ് സിനിമ അവസാനിക്കുന്നത്.
പാലക്കാട് ജില്ലയില്‍ CPM സമ്പൂര്‍ണമായി പരാജയപ്പെടുന്ന സമയത്ത് മാത്രമേ താന്‍ താടി വടിക്കു എന്നതായിരുന്നു ശ്രീകണ്ഠന്റെ പ്രതികാരം. സിനിമയിലെ ഫഹദ് കഥാപാത്രത്തിന് ശപഥം പൂര്‍ത്തിയാക്കാന്‍ രണ്ടര മണിക്കൂറെ കാത്തിരിക്കേണ്ടി വന്നുള്ളു. എന്നാല്‍ മുപ്പതു വര്‍ഷത്തിനു ശേഷമാണ് വി.കെ ശ്രീകണ്ഠന് തന്റെ പ്രതികാരം വീട്ടിയത്.
1989 ല്‍ ഷൊര്‍ണൂര്‍ SN കോളേജില്‍ പ്രീഡിഗ്രിക്ക് പഠിച്ചതും, യൂണിയന് തെരഞ്ഞെടുപ്പ് കാലത്ത് SFIക്കാര് മര്‍ദ്ദിച്ചതും, ഒരാഴ്ചയിലേറെ ICU വില്‍ കിടന്നതുമെല്ലാം ഓര്‍മ്മകളായി ഓടിയെത്തിയിട്ടുണ്ടാവും. അന്ന് മുഖത്തെ മുറിവ് മറയ്ക്കാന്‍ വളര്‍ത്തി തുടങ്ങിയ താടിയാണ്. അക്രമ രാഷ്ട്രീയത്തിന് മറുപടി നല്കിയിട്ടേ താടിയെടുക്കൂവെന്നായിരുന്നു ശപഥം. ആ മറുപടിയാണ് പാലക്കാട്ടെ അട്ടിമറി വിജയം. അങ്ങനെ ശ്രീകണ്ഠന് ശപഥം പൂർത്തീകരിച്ചു.
ഈ മുപ്പത് വര്‍ഷത്തിനിടയില്‍ ശ്രീകണ്ഠന്, തന്റെ സുന്ദരമായ താടിയെ അത്രയേറെ ഇഷ്ടപ്പെട്ടിരുന്നു. എന്തിന്റെ പേരിലായാലും താടി വടിക്കരുതെന്ന് പാര്‍ട്ടി പ്രവര്‍ത്തകരില്‍ പലരും പറഞ്ഞിട്ടുണ്ട്. അതിനാല്‍ ശപഥം നിറവേറ്റാന്‍ വേണ്ടി മാത്രമാണ് താടി വടിച്ചത്. ഇനി താടി തുടരണോയെന്ന് പിന്നീട് തീരുമാനിക്കും. ഭാര്യ തുളസിയോടൊപ്പമാണ് താടിയെടുക്കാനെത്തിയത്. നിരവധി പാര്‍ടി പ്രവര്‍ത്തകരും സ്ഥലത്തെത്തിയിരുന്നു. താടിയെടുത്ത ശ്രീകണ്ഠനെ കാണാന്‍ ഷാഫി പറമ്പിലുമെത്തി.
Post Your Comments