KeralaLatest News

കുടിശ്ശിക പ്രശ്‌നം രൂക്ഷം; മെഡിക്കല്‍ കോളേജിലേക്കുള്ള മരുന്ന് നല്‍കുന്നതില്‍ നിര്‍ണായക തീരുമാനവുമായി വിതരണക്കാര്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കുള്ള മരുന്ന് വിതരണം നിര്‍ത്തിവെക്കാന്‍ വിതരണക്കാരുടെ തീരുമാനം. കുടിശ്ശിക നല്‍കാത്തതിനെ തുടര്‍ന്നാണ് വിതരണം നിര്‍ത്തിവെക്കുന്നത്. മുപ്പത് കോടിയോളം രൂപയാണ് കോളേജ് കുടിശ്ശിക ഇനത്തില്‍ ഏജന്‍സികള്‍ക്ക് നല്‍കാനുള്ളത്. ഇതോടെയാണ് ഏജന്‍സികള്‍ മരുന്നു വിതരണം നിര്‍ത്താന്‍ തീരുമാനിച്ചത്. ഹൃദ്രോഗികളുടെ ആന്‍ജിയോപ്ലാസ്റ്റിക്കുള്ള സ്റ്റെന്റുകള്‍ അടക്കം നല്‍കാനാവില്ല എന്ന് നേരത്തേ തന്നെ ഏജന്‍സികള്‍ തീരുമാനമെടുത്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് വകയില്‍ സര്‍ക്കാരില്‍ നിന്ന് ലഭിക്കാനുള്ള പണം വൈകുന്നതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് ആശുപത്രി അധികൃതര്‍ നേരത്തെ നല്‍കിയ വിശദീകരണം. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മരുന്നുകളും ഉപകരണങ്ങളും നല്‍കുന്നത് എഴുപത്തിയഞ്ചോളം ഏജന്‍സികളാണ്. ഇവര്‍ക്ക് നല്‍കാനുള്ള പണം കഴിഞ്ഞ ഡിസംബര്‍ മുതല്‍ കുടിശ്ശികയാണ്. കാരുണ്യ, ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളില്‍നിന്ന് അമ്പത് കോടിയോളം രൂപ ലഭിക്കാനുണ്ട്. ഇത് ലഭിക്കുന്ന മുറയ്ക്ക് വിതരണക്കാര്‍ക്ക് പണം നല്‍കാന്‍ കഴിയും. എന്നാല്‍ ഈ ശ്രമങ്ങളൊന്നും ഫലത്തില്‍ വരാത്ത സാഹചര്യത്തിലാണ് വിതരണക്കാര്‍ ഇത്തരമൊരു നീക്കം നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button