Latest NewsKerala

ബിജെപി സംസ്ഥാന ഭാരവാഹിയോഗം ചേരുന്നു; സ്വകാര്യബില്ലിന്‍ മേല്‍ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ചയാകും

കണ്ണൂര്‍: ബിജെപി സംസ്ഥാന ഭാരവാഹി യോഗം ഇന്ന് കണ്ണൂരില്‍ ചേരുന്നു. അംഗത്വ വിതരണം ഊര്‍ജ്ജിതമാക്കുന്നത് പ്രധാന ചര്‍ച്ചയാകും. സംഘടനാ തെരഞ്ഞെടുപ്പിന്റെ സമയക്രമത്തിലും ഇന്ന് തീരുമാനമുണ്ടാകും. ശബരിമല പ്രശ്‌നത്തില്‍ സ്വകാര്യ ബില്‍ ലോക്‌സഭയില്‍ വന്ന സാഹചര്യത്തില്‍ പാര്‍ട്ടി സ്വീകരിക്കേണ്ട തുടര്‍നടപടികളും ചര്‍ച്ചയായേക്കും.

അതേസമയം ബില്‍ അവതരണത്തെ ഏകകണ്ഠമായി സഭ അനുകൂലിച്ചു. ഈ ലോക്സഭയിലെ ആദ്യ സ്വകാര്യ ബില്ലായാണു ശബരിമല വിഷയം അവതരിപ്പിച്ചത്. ഇതുള്‍പ്പെടെ ഇന്നലെ അവതരിപ്പിച്ച സ്വകാര്യ ബില്ലുകളിലുള്ള ചര്‍ച്ച ജൂലൈ 12നു നടക്കും. ഏതെല്ലാം ബില്ലുകള്‍ ചര്‍ച്ചയ്ക്കെടുക്കണമെന്ന് ഈ മാസം 25നു നറുക്കെടുപ്പിലൂടെ തീരുമാനിക്കും.

ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടു വരുന്നതിലെ പ്രശ്‌നങ്ങള്‍ ബിജെപി ദേശീയ സെക്രട്ടറി രാംമാധവ് തന്നെ തുറന്ന് പറയുകയും യുഡിഎഫ് പ്രതിനിധി എന്‍കെ പ്രേമചന്ദ്രന്‍ ശബരിമല വിഷയത്തില്‍ സ്വകാര്യബില്‍ അവതരിപ്പിക്കുകയും ചെയ്തതോടെ വിഷയത്തില്‍ കൃത്യമായൊരു നിലപാട് എടുക്കേണ്ട വെല്ലുവിളി ബിജെപിക്ക് മുന്നിലുണ്ട്. യുവതിപ്രവേശനത്തിനെതിരെ നേരത്തെ എടുത്ത ശക്തമായ നിലപാടില്‍ നിന്നും പിന്നോക്കം പോയാല്‍ എതിരാളികളില്‍ നിന്നും വിശ്വാസി സമൂഹത്തില്‍ നിന്നും ഒരേപോലെ പാര്‍ട്ടി വിമര്‍ശനം നേരിടേണ്ടി വരും.

ചരിത്രപരമായ ബില്ലാണിതെന്നും 2018 സെപ്റ്റംബര്‍ ഒന്നിനു നിലനിന്ന ആചാരങ്ങള്‍ ശബരിമലയില്‍ ഉറപ്പാക്കണമെന്നും പ്രേമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. ബില്ലില്‍ അപാകതകളുണ്ടെന്നു വ്യക്തമാക്കിയ ഭരണകക്ഷി എംപി: മീനാക്ഷി ലേഖിയെ സ്വകാര്യ ബില്‍ അവതരണവേളയില്‍ സ്പീക്കര്‍ കസേരയില്‍ സഭ നിയന്ത്രിക്കാന്‍ ചുമതലപ്പെടുത്തിയതു ശ്രദ്ധേയമായി. ശബരിമല വിശ്വാസികളെ പ്രത്യേക വിഭാഗമായി പരിഗണിച്ച് ആചാരസംരക്ഷണത്തിനു നിയമനിര്‍മാണം വേണമെന്നായിരുന്നു ലേഖിയുടെ ആവശ്യം.

shortlink

Post Your Comments


Back to top button