ന്യൂഡല്‍ഹി : പ്രതിപക്ഷ ബഹളത്തിനിടെ മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ വീണ്ടും അവതരിപ്പിച്ചു. 74 നെതിരെ 186 വോട്ടുകള്‍ക്കാണ് അവതരണാനുമതി കിട്ടിയത്. മുസ്‌ലിം സ്ത്രീകളെ ശാക്തീകരിക്കാനും നീതി നല്‍കാനുമാണ് നിയമം കൊണ്ടുവരുന്നതെന്ന് ബില്‍ അവതരിപ്പിച്ച നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.കഴിഞ്ഞ ഡിസംബറില്‍ മുത്തലാഖ് ബില്‍ ലോക്സഭ പാസാക്കിയിരുന്നു. എന്നാല്‍ രാജ്യസഭയില്‍ ബില്‍ പാസാക്കിയിരുന്നില്ല. ഇതോടെ ഇത് അസാധുവായിരുന്നു. അതിനാലാണ് വീണ്ടും ബില്ല് കൊണ്ടുവരുന്നത്. 17 -മത് ലോക്സഭയില്‍ രണ്ടാം മോദി സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ആദ്യത്തെ ബില്ല് കൂടിയാണ് മുത്തലാഖ് ബില്‍.
ബില്ലിന് അവതരണാനുമതി തേടിയ രവിശങ്കര്‍ പ്രസാദിനെ ഭരണഘടനാപരവും സഭാ നടപടി ചട്ടങ്ങളിലെ അനൗചിത്യങ്ങളും ഉയര്‍ത്തിക്കാട്ടിയാണ് പ്രതിപക്ഷം എതിര്‍ത്തത്. പക്ഷേ സ്പീക്കര്‍ ബില്‍ അവതരിപ്പിക്കാനുള്ള അനുമതി നല്‍കുകയായിരുന്നു. ബില്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ശശി തരൂര്‍ എംപി പറഞ്ഞു. തുടര്‍ന്ന് പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടു. പുതിയ അംഗങ്ങള്‍ക്ക് ഇലക്ട്രോണിക് സംവിധാനം നടപ്പിലാവാത്തതു കൊണ്ട് സഭയില്‍ സ്ലിപ്പ് നല്‍കിയാണ് വോട്ടെടുപ്പ് നടക്കുന്നത്.
മൂന്ന് തലാഖ് ചൊല്ലി വിവാഹം വേര്‍പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കി വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. മുത്താലാഖും, നിഖാഹ് ഹലാലയും സാമൂഹ്യ വിപത്താണെന്ന് ഇന്നലെ നയപ്രഖ്യാപനത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 22 ന് മുത്തലാഖ് നിരോധിച്ചുകൊണ്ട് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിനെത്തുടര്‍ന്നായിരുന്നു ബില്‍ കൊണ്ടുവന്നത്.
Post Your Comments