നെടുങ്കണ്ടം: തൂക്കുപാലം ഹരിത ഫിനാന്‍സ് തട്ടിപ്പ് കേസിലെ മുഖ്യപ്രതി വാഗമണ്‍ കൊലഹലമേട് രാജ്കുമാര്‍ (49) പീരുമേട് ജയിലില്‍ മരിച്ച നിലയില്‍. സ്ഥാപനത്തിന്റെ എം.ഡി. ശാലിനിയുടെ തൂക്കുപാലത്തെ വാടക വീട്ടില്‍ നിന്നുമാണ് ഇയാളെ പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്. പോലീസ് പരിശോധനയ്ക്കിടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളുടെ കാലിനു പരിക്കേറ്റതിനെ തുടർന്ന് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ചികിത്സ നല്‍കിയിരുന്നു .
നെടുങ്കണ്ടം തൂക്കുപാലത്തു പ്രവര്‍ത്തിച്ചിരുന്ന ഹരിത ഫൈനാന്‍സ് എന്ന സ്ഥാപനത്തില്‍ വായ്പയ്ക്കു അപേക്ഷിച്ചവരില്‍ നിന്നാണു 1000 മുതല്‍ 50000 രൂപ വരെ വായ്പ നല്‍കുന്നതിനുള്ള പ്രൊസസിങ് ഫീ ഇനത്തില്‍ സംഘം പണം തട്ടിയെടുത്തത്. പോലീസിന് ലഭിച്ച 24 സ്വയം സഹായ സംഘങ്ങളുടെ പരാതിയില്‍ ഇതുവരെ 200 പേരുടെ പണം നഷ്ടപ്പെട്ടതായാണ് വിവരം. ഇയാള്‍ വിവിധ കേന്ദ്രങ്ങളിലായി ഒളിപ്പിച്ചിരുന്ന ചെക്ക് ലീഫുകളും മുദ്ര പത്രങ്ങളും കണ്ടെത്തിയിരുന്നു.
കൂടുതല്‍ വനിതാ സ്വയം സഹായസംഘങ്ങള്‍ പരാതി നല്‍കാന്‍ എത്തുന്നുണ്ട്. 100 വനിതാ സംഘങ്ങള്‍ തട്ടിപ്പിനിരയായെന്നാണ് അറിയുന്നത്. കട്ടപ്പന ഡിവൈ.എസ്.പി. പി.പി.ഷംസ്, നെടുങ്കണ്ടം എസ്.ഐ. കെ.എ.സാബു എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം.
Post Your Comments