പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെ ലോക്സഭയില്‍ ബിജെപി എംപിമാര്‍ ജയ് ശ്രീറാം എന്ന് മുദ്രാവാക്യം വിളിച്ചത് അനുചിതമാണെന്ന് പല കോണുകളില്‍ നിന്നും അഭിപ്രായമുയര്‍ന്നിരുന്നു. പാര്‍ലമെന്റിന്റെ അന്തസിന് നിരയ്ക്കുന്നതല്ല ഈ നടപടിയെന്നാണ് പൊതുവേ ചൂണ്ടിക്കാണിക്കപ്പെട്ടത്.
എംപിമാരുടെ ജയ് ശ്രീറാം വിളിസഭാരേഖകളില്‍ നിന്ന് പ്രോ ടേം സ്പീക്കര്‍ വീരേന്ദ്രകുമാര്‍ ഒഴിവാക്കുകയും ചെയ്തു. ഈ നടപടി ശരിവച്ചിരിക്കുകയാണ് സ്പീക്കര്‍ ഒം ബിര്‍ള. ലോക്സഭയില്‍ മതപരമായ മുദ്രാവാക്യങ്ങള്‍ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മുദ്രാവാക്യങ്ങള്‍ക്കും പ്ലക്കാര്‍ഡുകള്‍ക്കുമുള്ള ഇടമാണ് പാര്‍ലമെന്റ് എന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അംഗങ്ങള്‍ക്ക് ആരോപണങ്ങള്‍ ഉന്നയിക്കാം, സര്‍ക്കാരിനെ വിമര്‍ശിക്കാം. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് അുവദിക്കില്ലെന്നും ബിര്‍ള വ്യക്തമാക്കി.
ഇത്തരം നടപടികള്‍ ഇനി ആവര്‍ത്തിക്കുമോ എന്ന് അറിയില്ല. പക്ഷേ നിയമാനുസൃതമായി സഭയെ മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും എഐഎംഐഎം എംപി അസറുദ്ദീന്‍ ഒവൈസിയുടെയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരുടെയും സത്യപ്രതിജ്ഞയ്ക്കിടെയായിരുന്നു ബിജെപി എംപിമാര്‍ ജയ് ശ്രീം വിളിച്ചത്.
Post Your Comments