മലയിന്‍കീഴ് : വീട്ടമ്മയുടെ മാല മോഷ്ടിച്ച അയല്‍വാസിയായ യുവാവ് പിടിയില്‍. വിളവൂര്‍ക്കല്‍ മലയം കാവടി വിള വീട്ടില്‍ ജയശങ്കറി(28)നെയാണ് സംഭവം നടന്ന് രണ്ടാം നാള്‍ മലയിന്‍കീഴ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തുറന്നു കിടന്ന മുന്‍വാതില്‍ വഴി അകത്തു കയറിയ പ്രതി ഹാളില്‍ കിടക്കുകയായിരുന്ന ശ്രീകലയുടെ മാല ആദ്യം പിടിച്ചു വലിക്കാന്‍ ശ്രമിച്ചു.
പേടിച്ചു നില വിളിച്ച ശ്രീകലയെ ക്ലോറോഫോം നനച്ച പഞ്ഞി കൊണ്ടു ബോധംകെടുത്താന്‍ ശ്രമിച്ചെങ്കിലും വിഫലമായി. നിലത്തു വീണ ശ്രീകലയുടെ കഴുത്തില്‍ നിന്നും ബലമായി താലി മാല ഊരി എടുത്തു മുന്‍വശത്തെ വാതില്‍ പൂട്ടി പുറത്തിറങ്ങി ജയശങ്കര്‍ സ്‌കൂട്ടറില്‍ രക്ഷപ്പെടുകയായിരുന്നു. വീടുമായി അടുപ്പം ഉള്ള വ്യക്തിയാണ് പിന്നിലെന്ന് സംഭവ ദിവസം തന്നെ പൊലീസിന് സംശയം ഉണ്ടായിരുന്നു.
പല സംശയങ്ങളും പോലീസിനുണ്ടായിരുന്നു എങ്കിലും മോഷണശേഷം പ്രതി തന്നെ വീട്ടില്‍ ഉപേക്ഷിച്ചു പോയ ക്ലോറോഫോം മുക്കിയ പഞ്ഞിയാണ് ഇത്രപെട്ടന്നു തന്നെ പ്രതിയെ കുടുക്കാന്‍ പോലീസിനെ സഹായിച്ചത്. പരിശോധനയ്ക്കായ് എത്തിയ പോലീസിന് പരിശോധനയില്‍ കാര്യമായ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍ വീട്ടിലെ വാതിലിലും പഞ്ഞിയിലും ഒരേ വിരലടയാളമാണ് ഉള്ളതെന്ന് കണ്ടെത്തുകയും ചെയ്തു.
പഞ്ഞിയില്‍ നടത്തിയ ശാസ്ത്രീയ പരിശോധന വഴി ഏത് തരം ക്ലോറോഫോം ആണെന്ന് പുരട്ടിയതെന്ന് തിരിച്ചറിഞ്ഞു.പിന്നാലെ ഇതു വില്‍പന നടത്തിയ നഗരത്തിലെ മെഡിക്കല്‍ സ്റ്റോര്‍ പൊലീസ് കണ്ടെത്തി.ഇവിടെ നിന്നാണ് പ്രതിയെക്കുറിച്ചു വ്യക്തമായ സൂചന ലഭിച്ചത്. ജയശങ്കറിന് വീട്ടുകാരുമായി നല്ല അടുപ്പം ഉണ്ടെന്നും അറിഞ്ഞതോടെ ഇയാളാണെന്ന് ഉറപ്പിച്ചു. പ്രതിയുടെ വീടിന്റെ കാര്‍പോര്‍ച്ചില്‍ നിന്നു ക്ലോറോഫോം കുപ്പിയും അന്വേഷണ സംഘം കണ്ടെടുത്തു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Post Your Comments