Latest NewsInternational

ധ്രുവക്കരടി നടന്നെത്തിയത് 1500 കിലോമീറ്റര്‍; ഞെട്ടിക്കും ഈ അതിജീവനത്തിന്റെ കഥ

മോസ്‌കോ: കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും രൂക്ഷമായ പ്രത്യാഘാതമേറ്റുവാങ്ങുന്ന ജീവികളിലൊന്നാണ് ധ്രുവക്കരടികള്‍. ആര്‍ട്ടിക്കില്‍ മഞ്ഞുരുക്കല്‍ വ്യാപകമായതോടെ ആവാസവ്യവസ്ഥ തകരുകയും പല കരടികളും ഭക്ഷണം ലഭിക്കാതെ മരണത്തിന് കീഴടങ്ങുകയും ചെയ്യുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ച് വരികയാണ്. എന്നാല്‍ അതിജീവനത്തിനായി 1500 കിലോമീറ്ററുകളില്‍ അധികം നടന്ന് പട്ടിണിക്കോലമായി റക്ഷ്യന്‍ നഗരത്തിലെത്തിയ ഹിമക്കരടിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്.

റഷ്യയുടെ ആര്‍ട്ടിക്ക് മേഖലയില്‍ നിന്ന് ഏതാണ്ട് 1500 കിലോമീറ്ററോളം വടക്കു മാറി സ്ഥിതി ചെയ്യുന്ന വ്യാവസായിക നഗരമായ നോറില്‍സ്‌ക് നഗരത്തിലാണ് ധ്രുവക്കരടി എത്തിയത്. കടുത്ത പട്ടിണി മൂലം ക്ഷീണിച്ച് അവശനായ നിലയിലാണ് കരടി കാണപ്പെട്ടത്. സൈബീരിയയുടെ വടക്കന്‍ മേഖലയായ നോറില്‍സ്‌ക് നഗരത്തിലെത്തിയ ഈ പെണ്‍ ധ്രുവക്കരടി തീര്‍ത്തും അവശയാണ്. ക്ഷീണം മൂലം കണ്ണുകള്‍ തുറക്കാന്‍ വരെ ബുദ്ധിമുട്ട് നേരിടുകയാണ് ഈ കരടിയെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇടയ്ക്കിടയ്ക്ക് ഭക്ഷണത്തിനായി മണം പിടിക്കുന്നുണ്ട്. 40 വര്‍ഷത്തിനിടയില്‍ ആദ്യമായിട്ടാണ് ഒരു ധ്രുവക്കരടി ഈ നഗരത്തിലേക്കെത്തിയതെന്ന് ഇവിടുത്തെ പരിസഥിതി പ്രവര്‍ത്തകര്‍ വ്യക്തമാക്കി. അതേസമയം ഒരു ധ്രുവക്കരടിയെ സ്വാഭാവിക വാസസ്ഥലത്തു നിന്ന് ഇത്രയും അകലെ കണ്ടെത്തിയത് ഏറെ ആശങ്കാജനകമാണെന്നാണ് ഗവേഷകരുടെ അഭിപ്രായം.

ഇപ്പോള്‍ എത്തിയ ഒരു കരടി മൂലം പ്രദശവാസകള്‍ക്കു വലിയ പ്രശ്‌നങ്ങളില്ലെങ്കിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ സമാനമായ രീതിയിലാകില്ല മനുഷ്യര്‍ പ്രതികരിക്കുകയെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ധ്രുവപ്രദേശത്തിനോടു ചേര്‍ന്നു സ്ഥിതി ചെയ്യുന്നതാണെങ്കിലും വടക്കുകിഴക്കന്‍ റഷ്യന്‍ഗ്രാമത്തില്‍ അന്‍പതിലേറെ ധ്രുവക്കരടികള്‍ കൂട്ടത്തോടെയെത്തി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത് ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ്. നോറില്‍സ്‌കിലെ വന്യജീവി വിഭാഗമെത്തി കരടിയുടെ ആരോഗ്യസ്ഥിതി പരിശോധിക്കുമെന്നാണ് നിഗമനം. മേഖലയിലെ ജനങ്ങളോട് കരടിയുടെ സമീപത്തു പോകരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീര്‍ത്തും അവശയായതിനാല്‍ ധ്രുവക്കരടിയെ എന്തു ചെയ്യണമെന്ന കാര്യത്തില്‍ ആശങ്കയിലാണ് അധികൃതര്‍. സ്വാഭാവിക ആവാസസ്ഥലത്ത് തിരികെയെത്തിച്ചാലും അതിജീവിക്കുമോയെന്ന ആശങ്കയും അധികൃതര്‍ക്കുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button