കൊല്‍ക്കത്ത: പശ്ചിബ ബംഗാളില്‍ വീണ്ടും തൃണമുല്‍-ബി.ജെ.പി സംഘര്‍ഷം. രണ്ട് പേര്‍ വെടിയേറ്റ് മരിച്ചു, നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ബംഗാളിലെ ബട്പുരയിലാണ് സംഘര്‍ഷമുണ്ടായത്. രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പരസ്പരം നടന്‍ ബോംബ് എറിഞ്ഞു. ഒടുവില്‍ അക്രമികളെ പിരിച്ചുവിടാന്‍ പോലീസ് വെടിവച്ചു. പോലീസ് വെടിവയ്പ്പിലാണ് രണ്ട് പേര്‍ കൊല്ലപ്പെട്ടത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം മമതാ ബാനര്‍ജിയുടെ സമനില തെറ്റിയിരിക്കുകയാണെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്‌വാര്‍ഗീയ ആരോപിച്ചു.
സംസ്ഥാനത്ത് എല്ലായിടത്തും സംഘര്‍ഷമാണെന്നും വാര്‍ഗീയ ആരോപിച്ചു. ബി.ജെ.പി സംഘം ഭട്പുര സന്ദര്‍ശിക്കും. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും സന്ദര്‍ശിക്കും. കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കുമെന്നും വാര്‍ഗീയ പറഞ്ഞു. ഇന്ന് രാവിലെ പത്തരയോടെയാണ് സംഘര്‍ഷമുണ്ടായത്. രാംബാബു സാഹു എന്നയാളാണ് കൊല്ലപ്പെട്ട രണ്ട് പേരില്‍ ഒരാള്‍. വഴിയോരക്കച്ചവടക്കാരനാണ് സാഹു. പോലീസ് വെടിവയ്പ്പില്‍ ബുള്ളറ്റ് തലയ്ക്ക് കൊണ്ടാണ് സാഹു മരിച്ചത്.
സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി യോഗം വിളിച്ചു. ചീഫ് സെക്രട്ടറി, ഹോം സെക്രട്ടറി, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എന്നിവരെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ദ്രുതകര്‍മ്മ സേനയേയും ദ്രുത പ്രതികരണ സേനയേയും സംഘര്‍ഷം നിയന്ത്രിക്കാന്‍ വിന്യസിച്ചിട്ടുണ്ട്. തൃണമുല്‍ വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന അര്‍ജുന്‍ സിംഗ് എം.പിയുടെ അനുയായികളാണ് അക്രമത്തിന് പിന്നിലെന്ന് ടി.എം.സി മന്ത്രി മദന്‍ മിത്ര കുറ്റപ്പെടുത്തി.
Post Your Comments