ന്യൂഡൽഹി: കുട്ടികള്‍ക്കുവേണ്ടിയുള്ള പരിപാടികളില്‍ മോശം ഭാഷയോ അക്രമരംഗങ്ങളോ ഉണ്ടാകരുതെന്ന കർശന നിർദ്ദേശവുമായി വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. ഇത്തരം പരിപാടികളുടെ സംപ്രേഷണം നിയന്ത്രിക്കണമെന്നും റിയാലിറ്റി ഷോകളിലും അത്തരത്തിലുള്ള മറ്റ് പരിപാടികളിലും പരമാവധി ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു.
ഡാന്‍സ് റിയാലിറ്റി ഷോകളിലും മറ്റ് ജനപ്രിയ ടെലിവിഷന്‍ പരിപാടികളിലും കുട്ടികളെ നിന്ദ്യവും അനുചിതവുമായ രീതിയില്‍ പ്രദര്‍ശിപ്പിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ സ്വകാര്യ ഉപഗ്രഹ ടെലിവിഷന്‍ ചാനലുകളോടും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയംആവശ്യപ്പെട്ടിട്ടുണ്ട്.1995 ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്ക്‌സ് (റെഗുലേഷന്‍) ആക്റ്റ് നിര്‍ദ്ദേശിച്ച പ്രോഗ്രാം, പരസ്യ കോഡുകളിലെ വ്യവസ്ഥകളും ചട്ടങ്ങളും എല്ലാ സ്വകാര്യ ഉപഗ്രഹ ടെലിവിഷന്‍ ചാനലുകളും പാലിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.
കുട്ടികളെ അപകീര്‍ത്തിപ്പെടുത്തുന്ന ഒരു പരിപാടിപോലും ടിവിയില്‍ സംപ്രേഷണം ചെയ്യരുത്. കുട്ടികള്‍ക്കുവേണ്ടിയുള്ള പരിപാടികളില്‍ മോശം ഭാഷയോ അക്രമരംഗങ്ങളോ ഉണ്ടാകരുതെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു.സിനിമകളിലും മറ്റ് ജനപ്രിയ വിനോദ പരിപാടികളിലും മുതിര്‍ന്നവര്‍ ചെയ്തിട്ടുള്ള നൃത്തച്ചുവടുകള്‍ ഡാന്‍സ് അധിഷ്ഠിത റിയാലിറ്റി ടിവി ഷോകളില്‍ കൊച്ചുകുട്ടികളെക്കൊണ്ട് അവതരിപ്പിക്കുന്നത് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഈ നടപടി.
ഈ പരിപാടികള്‍ പലപ്പോഴും അശ്ലീലം ജനിപ്പിക്കുന്നതും, പ്രായത്തിന് അനുചിതവുമാണ്. ഇത്തരം പ്രവർത്തികള്‍ ചെറു പ്രായത്തിലും കുട്ടികളെ സ്വാധീനിക്കുമെന്നും, ദൂഷ്യഫലങ്ങളുണ്ടാക്കുമെന്നും മന്ത്രാലയം നിരീക്ഷിച്ചു.
Post Your Comments