രാജകുമാരി: ചിന്നക്കനാലിലെ വ്യാപാരിയെ കബളിപ്പിച്ച് ഒന്നരക്കോടിയിലേറെ രൂപയുടെ ഏലക്കാ തട്ടിയെടുത്ത സംഭവത്തില്‍ മലപ്പുറം സ്വദേശിയെ പോലിസ് അറസ്‌റ്റ് ചെയ്‌തു.
കുറ്റിപ്പുറം എടച്ചാലം കോട്ടയില്‍ ഇസ്‌മയില്‍ (54) ആണ് പിടിയിലായത്. മുട്ടുകാട് പടയാട്ടില്‍ പോളിന്റെ പരാതിയിലാണ് അറസ്‌റ്റ്. മലബാറിലുള്ള മലഞ്ചരക്കു സ്‌ഥാപനത്തിന്റെ ഉടമകളാണ് തങ്ങളെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രതികള്‍ പോളിന്റെ ചിന്നക്കനാലിലെ വ്യാപാര സ്‌ഥാപനത്തില്‍ നിന്നും രണ്ടു വര്‍ഷത്തിനിടെ 1408.89 കി.ഗ്രാം എലക്ക വാങ്ങി കൊണ്ടു പോയി.
2.28 കോടി രൂപയാണ് പ്രതികള്‍ പരാതിക്കാരന് നല്‍കേണ്ടിയിരുന്നത്. എന്നാല്‍ ഇതില്‍ 61 ലക്ഷം രൂപ മാത്രം നല്‍കി. ബാക്കി തുക നല്‍കാന്‍ കഴിഞ്ഞ ഏപ്രില്‍ വരെ അവധി നല്‍കികൊണ്ട് ഇരുകൂട്ടരും കരാര്‍ ഉണ്ടാക്കിയിരുന്നു. കരാര്‍ കാലാവധിക്കു ശേഷം പ്രതികള്‍ നല്‍കിയ ചെക്ക് അക്കൗണ്ടില്‍ പണമില്ലാത്തതിനാല്‍ മടങ്ങി. ഇസ്‌മയിലിനെ ഫോണില്‍ വിളിച്ച് പണം ആവശ്യപെട്ടപ്പോള്‍ പോളിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ശാന്തന്‍പാറ പോലീസ് നടത്തിയ അന്വേഷണത്തോടെയാണ് തട്ടിപ്പിന്റെ വിവരം പുറത്തറിയുന്നത്.
മലപ്പുറത്ത് നിന്നുമാണ് ഒന്നാം പ്രതിയായ ഇസ്‌മയിലിനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ടും മൂന്നും പ്രതികളായ കണ്ണൂര്‍ തലശേരി കയ്യാറ്റല്‍ തയ്യില്‍ നൗഫല്‍ (41), കൊയിലാണ്ടി കീഴൂര്‍ മഠത്തില്‍ അബ്‌ദുള്‍ ജലീല്‍ ( 42) എന്നിവര്‍ക്കായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി. നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു. ഇസ്‌മയിലിന്റെ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളി.സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ടും മൂന്നും പ്രതികള്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടി കാട്ടി പരാതിക്കാരന്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.
Post Your Comments