ഗുവാഹട്ടി: അസ്സമിലെ കാമാഖ്യ ക്ഷേത്രത്തിന് അടുത്ത് തലയറ്റ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. കാമാഖ്യ ക്ഷേത്രത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. മൃതദേഹത്തിന് സമീപത്തു നിന്നും ഒരു മണ്‍വിളക്കും കുടവും കണ്ടെടുത്തിട്ടുണ്ട്. കൊലപാതകം നരബലിയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
ഏതെങ്കിലും ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി നടന്ന നരബലിയാകാം ഇതെന്ന് സംശയിക്കുന്നതായി പൊലീസിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നടന്നത് നരബലി തന്നെയാണെങ്കില്‍ തുടര്‍ന്നുള്ള അനുഷ്ഠാനങ്ങള്‍ക്കായി കൊലയാളി മൃതദേഹത്തിന്റെ തലയുമായി ശ്മശാനത്തിലേക്ക് പോയിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ശ്മശാനങ്ങള്‍ കേന്ദ്രീകരിച്ച് അത്തരത്തിലുള്ള അന്വേഷണമാണ് പൊലീസ് പ്രധാനമായും നടത്തി വരുന്നത്.
കൊലപാതകത്തിന് മുമ്പ് പിടിവലി നടന്ന ലക്ഷണങ്ങളൊന്നും മൃതദേഹത്തിലോ പരിസരത്തോ കാണാനുണ്ടായിരുന്നില്ല. മൃതദേഹത്തില്‍ പരിക്കുകളുമില്ല. അതിനാല്‍ തന്നെ യുവതിയെ മയക്കിക്കിടത്തിയ ശേഷമായിരിക്കാം തലവെട്ടിയതെന്നാണ് പൊലീസ് അനുമാനിക്കുന്നത്. കാമാഖ്യ ക്ഷേത്രത്തിലെ വാര്‍ഷിക ഉത്സവമായ അമ്പുബാച്ചി മേളയ്ക്ക് മൂന്നു ദിവസം മുമ്പാണ് ക്ഷേത്ര പരിസരത്തുനിന്നും മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. ഇതാണ് നരബലിയാകാമെന്ന സംശയം ബലപ്പെടുത്തുന്നത്. കാമാഖ്യ ദേവിയുടെ ആര്‍ത്തവകാലം ആഘോഷിക്കുന്ന ഉത്സവമാണ് അമ്പുബാച്ചി മേള.
Post Your Comments