ഇതുപോലെ ഒരു കനത്ത തിരിച്ചടി ചന്ദ്രബാബു നായിഡു പ്രതീക്ഷിച്ചിരിക്കില്ല. ആകെയുള്ള ആറ് രാജ്യസഭാ അംഗങ്ങളിൽ നാലുപേർ ഇന്ന് ബിജെപിയിൽ ചേർന്നു. ടിഡിപി പാർലമെന്ററി പാർട്ടി യോഗം ചേർന്ന് ബിജെപിയിൽ ലയിക്കാൻ തീരുമാനിക്കുകയായിരുന്നു. ആറിൽ നാല് പേര് ഒന്നിച്ചു തീരുമാനമെടുത്തതിനാൽ ഇത് ലയണമായിട്ടേ കണക്കാക്കൂ. അതനുസരിച്ച് രാജ്യസഭാ ചെയര്മാന് തീരുമാനവും എടുത്തു. നേരത്തെ തങ്ങൾ ബിജെപിയിൽ ലയിക്കുന്ന കാര്യം ടിഡിപി എംപിമാർ തന്നെയാണ് വ്യക്തമാക്കിയത്. പിന്നീട് ബിജെപി ആസ്ഥാനത്ത് വെച്ച് നാലുപേരെയും പാർട്ടി വർക്കിങ് പ്രസിഡന്റ് ജെപി നദ്ദ അവരെ എല്ലാവരെയും സ്വാഗതം ചെയ്തു. ചെറു പ്രാദേശിക പാർട്ടികളിൽ പെട്ട എംപിമാർ ഇനിയും ബിജെപിയിൽ ലയിക്കാനുള്ള സാധ്യത രാഷ്ട്രീയ നിരീക്ഷകർ കാണുന്നുണ്ട്. പല പ്രാദേശിക പാർട്ടികളും ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പോടെ നിലനിൽപ്പിനായി ബുദ്ധിമുട്ടുന്നതാണ് കാണുന്നത്. രാജ്യസഭയിൽ സമവായത്തിലൂടെ ഭൂരിപക്ഷം ഉറപ്പിക്കാൻ സർക്കാരിന് കഴിയുന്ന അവസ്ഥ ഉണ്ടാവുന്നു എന്നതാണ് ഇതിലൂടെ ഉണ്ടാവുന്ന മാറ്റം.
നിയമസഭാ, ലോകസഭാ തിരഞ്ഞെടുപ്പുകളിൽ ഉണ്ടായ കനത്ത പരാജയത്തിന്റെ ക്ഷീണം അടങ്ങുന്നതിന് മുൻപാണ് സ്വന്തം പാർട്ടിക്കാർ ചന്ദ്ര ബാബു നായിഡുവിനെ കയ്യൊഴിഞ്ഞത്. ബിജെപിയെ തകർക്കാനായി എൻഡിഎ വിടുകയും പിന്നീട് കോൺഗ്രസിന്റെയും കമ്മ്യുണിസ്റ്റ് പാർട്ടികളുടെയും കൺവീനറായി മാറുകയും ചെയ്തയാളാണ് നായിഡു, ഇക്കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് കേന്ദ്ര സർക്കാരിനെതിരെ കുപ്രചരണം നടത്തുന്നതിൽ മുന്നിൽ നിന്ന അദ്ദേഹത്തിന് ഇപ്പോൾ സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ തിരിച്ചടി ലഭിച്ചിരിക്കുന്നു. ബിജെപി മധുരമായി പ്രതികാരം ചെയ്തു എന്ന് വേണം പറയാൻ.
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത പരാജയമാണ് ടിഡിപിക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. 25 ലോകസഭ സീറ്റുകളിൽ 22 എണ്ണവും വൈഎസ്ആർ കോൺഗ്രസ് നേടിയപ്പോൾ നായിഡുവിന് ലഭിച്ചത് മൂന്നെണ്ണം മാത്രം. നിയമസഭാ തിരഞ്ഞെടുപ്പിലും അത് തന്നെയായിരുന്നു നടന്നത്. 175 മണ്ഡലങ്ങളിൽ 151 എണ്ണവും വൈഎസ്ആർ കോൺഗ്രസ് നേടി. ടിഡിപിക്ക് ലഭിച്ചത് വെറും 23 എംഎൽഎമാരെ. നരേന്ദ്ര മോദിയെ പുറത്താക്കി പ്രധാനമന്ത്രി ആവാൻ കുപ്പായമിട്ട് നടന്നിരുന്ന ആളിനാണ് ഇത് സംഭവിച്ചത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം നായിഡുവിനെ ഡൽഹിയിൽ കണ്ടിട്ടുമില്ല. സ്വന്തം പാർട്ടിയിൽ നേതാവിൽ വിശ്വാസമില്ല എന്നതാണ് ഇന്നിപ്പോൾ ടിഡിപി എംപിമാർ സൂചിപ്പിക്കുന്നത്.
ടിഡിപി കുറെ നാളുകളായി വലിയ ആഭ്യന്തര പ്രശ്നങ്ങളാണ് നേരിട്ടിരുന്നത്. ചന്ദ്രബാബു നായിഡുവിനെതിരെ വലിയ രോഷം പാർട്ടിക്കുള്ളിൽ ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പിലെ പരാജയത്തോടെ അത് കൂടുകയാണ് ഉണ്ടായത്. മുന്നോട്ടുള്ള പ്രയാണം തന്നെ പ്രശ്നമാണ് എന്നതായി പലരുടെയും ചിന്ത. അത്തരമൊരു ആശങ്കയും ടിഡിപി രാജ്യസഭാ ഘടകത്തിന്റെ ബിജെപിയിൽ ലയിക്കുന്നതിനുള്ള കാരണങ്ങളാണ്. പ്രാദേശിക കക്ഷികളുടെ നിലനിൽപ്പ് തന്നെ പ്രശ്നമാവുന്നു എന്നതും കാണേണ്ടതുണ്ട്.
ചന്ദ്ര ബാബു നായിഡു ഇതൊക്കെയാണ് 2014 ൽ അധികാരത്തിലേറിയപ്പോൾ ആന്ധ്രയിൽ ചെയ്തത്. അന്ന് വൈഎസ്ആർ കോൺഗ്രസിന് നിയമസഭയിൽ 67 പേരുണ്ടായിരുന്നു. അവരെ ഒന്നൊന്നായി ടിഡിപിയിൽ ചേർക്കുകയാണ് നായിഡു ചെയ്തത്. യഥാർഥത്തിൽ മൂന്നിലൊന്ന് പേര് ചേർന്നാലേ കൂറുമാറ്റനിയമം മറികടക്കാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ ഓരോരുത്തരെയായി കൂറുമാറ്റിയാണ് നായിഡു പ്രതിപക്ഷ കക്ഷിയെ തകർക്കാൻ ശ്രമിച്ചത്.അന്ന് കൂറുമാറ്റ നിയമം അനുസരിച്ച് നടപടിക്ക് വൈഎസ്ആർ കോൺഗ്രസ് നേതാക്കൾ പരാതി നൽകിയെങ്കിലും സ്പീക്കർ അത് തള്ളുകയായിരുന്നു. കൂറുമാറ്റ നിയമം അട്ടിമറിക്കാൻ സ്പീക്കറും കൂട്ടുനിന്നു എന്നർത്ഥം. അവസാനം വൈഎസ്ആർ കോൺഗ്രസിലെ എംപിമാരെയും നായിഡു ടിഡിപിയിലേക്കെത്തിച്ചു. അന്ന് താൻ ചെയ്തതിനൊക്കെ ഇപ്പോൾ തിരിച്ചടി സ്വന്തം കക്ഷിയിൽ നിന്ന് കിട്ടുന്നു എന്ന് കരുതിയാൽ മതി.
ഇവിടെ വേറൊന്ന് കൂടി കാണേണ്ടതുണ്ട്. ബിജെപിക്ക് ഇനി കടന്നുചെല്ലേണ്ട സംസ്ഥാനങ്ങളിൽ ഒന്നാണ് ആന്ധ്ര. തെലങ്കാനയിൽ ഇപ്പോൾ തന്നെ ഭേദപ്പെട്ട പ്രകടനം കാഴ്ച വെക്കാൻ ബിജെപിക്കായി. പിന്നെയുള്ളത് ആന്ധ്ര, തമിഴ്‌നാട് , കേരളം എന്നിവയാണ്. അതുകൊണ്ടുതന്നെ ഏറെ ശ്രദ്ധ ഈ സംസ്ഥാനത്ത് പാർട്ടി കൊടുത്തിരുന്നു. ടിഡിപി എംപിമാർ തങ്ങൾക്കൊപ്പം വരുന്നത് എന്തുകൊണ്ടും ബിജെപിക്ക് സംഘടനാപരമായി ഗുണകരമാണ്. അതിലേറെ ബിജെപിക്ക് രാജ്യസഭയിൽ എത്ര പേരുടെ പിന്തുണ ലഭിച്ചാലും ഗുണകരമാണ്. മാത്രമല്ല ഇപ്പോൾ ടിഡിപി എംപിമാർ കൂടെ വരുമ്പോൾ പ്രതിപക്ഷത്തുള്ള അംഗസംഖ്യ കുറയുകയും കൂടിയാണ്. ഈ പാർലമെന്റ് സമ്മേളനകാലത്ത് ഇത്തരത്തിലുള്ള മാറ്റങ്ങൾ ഇനിയും ഉണ്ടായിക്കൂടായ്കയില്ല എന്നതാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. മറ്റു ചില പ്രാദേശിക കക്ഷികളിൽ പെട്ടവരും ഭരണപക്ഷത്തേക്ക് നീങ്ങുമെന്നാണ് അത് നൽകുന്ന സൂചനകൾ.
രാജ്യസഭയിൽ ബിജെപിക്കും സഖ്യകക്ഷികൾക്കും കൂടി 108 അംഗങ്ങളാണ് ഉണ്ടായിരുന്നത്. അതിന് പുറമെയാണ് നാലുപേർ കൂടി ചേർന്നത്. അതായത് എൻഡിഎ യുടെ സംഘ ബലം 112 ആയി. 245 അംഗ സഭയിൽ 123 പേരുടെ പിന്തുണ ഉണ്ടാവുമ്പോഴേ ഭൂരിപക്ഷമാവൂ. അതിന് ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ട്,ബിജെപിക്ക്. എന്നാൽ പലപ്പോഴും പ്രശ്നങ്ങൾക്കടിസ്ഥാനത്തിൽ സർക്കാരിനൊപ്പം നില്ക്കാൻ ബിജെഡി, ടിആർഎസ്, വൈഎസ്ആർ കോൺഗ്രസ് എന്നിവ തയ്യാറാവാറുണ്ട്. അവർക്കൊക്കെ ചേർന്ന് ഇപ്പോൾ തന്നെ 13 എംപിമാരുണ്ട്. അതായത് ഇന്നത്തെ നിലക്ക് സർക്കാരിന് 125 പേരുടെ പിന്തുണ പ്രതീക്ഷിക്കാനാവും. അതായത് ഇന്നിപ്പോൾ സമവായത്തിലൂടെ സർക്കാരിന് രാജ്യസഭയിലും ഭൂരിപക്ഷം ഉണ്ടാക്കാൻ കഴിയും. ഉടനെ ചില രാജ്യസഭാ ഉൽപതിരഞ്ഞെടുപ്പുകൾ കൂടി നടക്കാനുണ്ട്. അതിലും എൻഡിഎക്ക് നേട്ടമുണ്ടാക്കാൻ കഴിയും.
Post Your Comments