വാഷിങ്ടന്‍ : ഗള്‍ഫ് രാഷ്ട്രങ്ങളെ ഭീതിയിലാഴ്ത്തി ഇറാനെതിരെ അമേരിക്കയുടെ പടനീക്കം. മധ്യപൂര്‍വദേശത്തേക്കു കൂടുതല്‍ സേനയെ വിന്യസിക്കാന്‍ യുഎസ്. മേഖലയിലേക്കു നിരീക്ഷണ കപ്പലുകള്‍ അയയ്ക്കുന്നതിനൊപ്പം മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും ശക്തമാക്കും. യുഎസ് ആക്ടിങ് പ്രതിരോധ സെക്രട്ടറി പാട്രിക് ഷനഹനാണ് 1,000 സൈനികരെ കൂടി വ്യന്യസിക്കുന്ന കാര്യം അറിയിച്ചത്. എണ്ണക്കപ്പലുകള്‍ക്കുനേരെ സമീപകാലത്തുണ്ടായ ആക്രമണങ്ങള്‍ക്കു പിന്നില്‍ ഇറാന്‍ ആണെന്ന് ആരോപിച്ചാണു യുഎസ് സൈനിക വിന്യാസം.
ഇറാന്‍ അണ്വായുധം നിര്‍മിക്കുന്നതു തടയാനായി സൈനിക നടപടി പരിഗണനയിലുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒരു അഭിമുഖത്തില്‍ പറഞ്ഞു. എണ്ണക്കപ്പലുകള്‍ക്കു നേരെ ആക്രമണങ്ങളില്‍ ഇറാന്‍ സൈന്യത്തിനു പങ്കുണ്ടെന്നു തെളിയിക്കാനായി ചില പുതിയ ഫോട്ടോകളും പെന്റഗണ്‍ പുറത്തുവിട്ടു. അതിനിടെ, സൗദി അറേബ്യയിലെ അബഹയിലേക്ക് ഹൂതി വിമതര്‍ അയച്ച 2 ഡ്രോണുകള്‍ സൗദി വ്യോമസേന തകര്‍ത്തു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച മറ്റൊരു ചെറുവിമാനം തിങ്കളാഴ്ച രാത്രി നിര്‍വീര്യമാക്കിയിരുന്നു.
Post Your Comments