Latest NewsIndia

കേന്ദ്രമന്ത്രിയുടെ മകന്‍ ഉള്‍പ്പെടെ 8 പേര്‍ അറസ്റ്റില്‍; ഇരുപത് പേര്‍ക്കെതിരെ പോലീസ് കേസ്

പരിക്കേറ്റ നാലോളം പേരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അറസ്റ്റുണ്ടായിരിക്കുന്നത്

ഭോപ്പാല്‍: കേന്ദ്രമന്ത്രി പ്രഹ്ലാദ് പട്ടേലിന്റെ മകന്‍ പ്രബല്‍ പട്ടേലിനെ കൊലപാതകശ്രമത്തിന് അറസ്റ്റു ചെയ്തു. പ്രബലിനെ കൂടാതെ മറ്റ് ഏഴുപേരും കൂടി കൊലപാതക ശ്രമം, സംഘര്‍ഷം സൃഷ്ടിക്കല്‍, തട്ടിക്കൊണ്ടു പോകല്‍ എന്നീ കുറ്റങ്ങളില്‍ അറസ്റ്റിലായിട്ടുണ്ട്. പ്രബലിന്റെ ബന്ധുവും കേസിലെ മറ്റൊരു പ്രതിയുമായ മോനു പട്ടേല്‍ ഒളിവിലാണ്. മുന്‍ മന്ത്രി കൂടിയായ ബിജെപി എംഎല്‍എ ജലം സിംഗ് പട്ടേലിന്റെ മകനാണ് മോനു.

കേസിനാസ്പദമായ സംഭവം നടക്കുന്നത് തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെയാണ്. രണ്ട് യുവാക്കളുമായി തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് പ്രബലും മോനുവുമാണ് ആദ്യം ആക്രമങ്ങള്‍ക്ക് തുടക്കമിട്ടത്. സുഹൃത്തുക്കളുമായി ചേര്‍ന്ന് യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച ഇവര്‍ ഇവരെ സമീപത്തുള്ള വീട്ടിലെത്തിച്ചു. അക്രമികളില്‍ നിന്നകന്ന ഒരു മുന്‍ സുഹൃത്തിന്റെ വീടായിരുന്നു ഇത്. ഇവിടെയെത്തി ആ യുവാവിനെയും വീട്ടില്‍ നിന്ന് വിളിച്ചിറക്കി മര്‍ദ്ദിക്കാന്‍ തുടങ്ങി. മകനെ ആക്രമിക്കുന്നത് കണ്ട് തടയാനെത്തിയ പിതാവിനും ക്രൂരമായി മര്‍ദ്ദനമേറ്റു. തലയ്ക്ക് ഗുരുതര പരിക്കേറ്റ ഇയാള്‍ ചികിത്സയിലാണ്. ആക്രമണത്തിനിടെ പ്രബല്‍ വെടിയുതിര്‍ത്തതായും വിവരം ലഭിക്കുന്നുണ്ട്.

പരിക്കേറ്റ നാലോളം പേരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അറസ്റ്റുണ്ടായിരിക്കുന്നത്. കൊലപാതക ശ്രമം, സംഘര്‍ഷം സൃഷ്ടിക്കല്‍, തട്ടിക്കൊണ്ടു പോകല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ഇരുപത് പേര്‍ക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button