ചാരുംമൂട്(മാവേലിക്കര): പോലീസുകാരന്‍ പെട്രോളൊഴിച്ച് തീ വെച്ച് കൊലപ്പെടുത്തിയ വള്ളികുന്നം പോലീസ് സ്റ്റേഷനിലെ വനിതാ സി.പി.ഒ സൗമ്യാ പുഷ്പാകരന്റെ സംസ്‌കാരം നാളെ രാവിലെ പത്തുമണിക്ക് വീട്ടുവളപ്പില്‍ നടക്കും. ലിബിയയിലുള്ള ഭര്‍ത്താവ് സജീവ് ഇന്ന് നാട്ടിലെത്തും. മൂന്നാഴ്ചമുമ്പാണ് സജീവ് ലിബിയയിലേക്കു പോയത്. ഇന്നലെ തുര്‍ക്കിയിലെത്തിയ സജീവ് ഇന്ന് വൈകിട്ടോടെ നാട്ടിലെത്തിയേക്കും. സൗമ്യയ്ക്ക് അപകടമുണ്ടായെന്നേ ബന്ധുക്കള്‍ സജീവിനെ അറിയിച്ചിട്ടുള്ളു.
ദുബായിലായിരുന്ന സൗമ്യയുടെ സഹോദരി രമ്യ തിങ്കളാഴ്ച നാട്ടിലെത്തി. പോസ്റ്റ് മോര്‍ട്ടത്തിനുശേഷം ഓച്ചിറയിലുള്ള സ്വകാര്യആശുപത്രിയിലാണ് സൗമ്യയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
അതേസമയം, സൗമ്യയെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാന്‍ ശ്രമിച്ച പ്രതി അജാസിന്റെ നില ഗുരുതരമായി തുടരുകയാണ്. 60 ശതമാനം പൊള്ളലുമായി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ അജാസിന്റെ വൃക്കയുടെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം സാധാരണ നിലയിലല്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഡയാലിസീസ് ആരംഭിച്ചിരിന്നു. എന്നാല്‍ രക്തസമ്മര്‍ദത്തിലുണ്ടായ വ്യതിയാനം മൂലം ഇന്നലെ ഡയാലിസിസ് നടന്നില്ല. അജാസിനെ കാണാന്‍ ബന്ധുക്കള്‍ ഇന്നലെയാണ് എത്തിയത്. സഹായികള്‍ ആരും ഇല്ലാത്തതിനാല്‍ ആശുപത്രി അധികൃതരാണ് പരിചരിക്കുന്നത്.
Post Your Comments