കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കാര്യങ്ങള്‍ ഇനിയും ശരിയാവുന്ന ലക്ഷണമില്ല. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ അധ്യക്ഷ പദം രാജിവെച്ച രാഹുല്‍ ഗാന്ധി ഇനിയും ആ തീരുമാനം പിന്‍വലിച്ചിട്ടില്ല. കുറെ ആഴ്ചകളായി പ്രസിഡന്റ് ഇല്ലാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ് എന്നതാണ് യാഥാര്‍ഥ്യം. അദ്ദേഹത്തിന്റെ രാജി പ്രവര്‍ത്തക സമിതി അംഗീകരിച്ചില്ലെങ്കിലും പാര്‍ട്ടി അധ്യക്ഷന്റെ ഡ്യൂട്ടികള്‍ നിര്‍വഹിക്കാന്‍ രാഹുല്‍ സന്നദ്ധമല്ല. അതിനൊക്കെ പിന്നാലെയാണ് ലോകസഭയില്‍ പാര്‍ട്ടി നേതാവ് ആരാവണം എന്ന പ്രശ്‌നം ഉയര്‍ന്നുവന്നത് . ആ ചുമതല ഏറ്റെടുക്കാനും രാഹുല്‍ തയ്യറായിട്ടില്ല. അങ്ങിനെയാണ് ബംഗാളില്‍ നിന്നുള്ള അധിര്‍ രഞ്ജന്‍ ചൗധരിയെ പരിഗണിക്കാന്‍ തീരുമാനിച്ചത്. അപ്പോഴും ഏറ്റവും സീനിയര്‍ ആയ, പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള കേരളീയനായ, കൊടിക്കുന്നില്‍ സുരേഷിനെ പരിഗണിച്ചതുമില്ല. ചീഫ് വിപ്പ് ആയി കൊടിക്കുന്നേല്‍ നിയമിക്കപ്പെടുമെന്നാണ് സൂചനകള്‍. നാളെ ബുധനാഴ്ച ലോകസഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയുടെ നേതാവിനെ ഇന്നെങ്കിലും തീരുമാനിച്ചേ തീരൂ എന്നതായിരുന്നു സ്ഥിതി. അതായിരുന്നു കോണ്‍ഗ്രസിന്റെ പ്രശ്‌നം. നാളെ സ്പീക്കറെ അധ്യക്ഷ വേദിയിലേക്ക് ആനയിക്കേണ്ടത് പ്രധാനമന്ത്രിയും ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയുടെ നേതാവും കൂടിയാണ് എന്നതാണ് കീഴ്‌വഴക്കം.
ലോകസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ കനത്ത പരാജയം യഥാര്‍ഥത്തില്‍ രാഹുല്‍ ഗാന്ധിയെ വല്ലാതെ വിഷമത്തിലാഴ്ത്തി എന്നാണ് വിലയിരുത്തേണ്ടത്. അദ്ദേഹത്തിന്റെ മാനസികനില തന്നെ വല്ലാതായി. അടുത്തിടെ കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് പുറത്തുവന്ന വാര്‍ത്തകളും വിശകലനങ്ങളും കാണിച്ചത് രാഹുല്‍ വലിയ പ്രതീക്ഷയിലായിരുന്നു എന്നാണ്. ചുരുങ്ങിയത് 165- 170 സീറ്റുകള്‍ എങ്കിലും കോണ്‍ഗ്രസിന് കിട്ടുമെന്നും ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്നും അദ്ദേഹത്ത പാര്‍ട്ടി ഉന്നതന്മാര്‍ പറഞ്ഞുബോധ്യപ്പെടുത്തിയിരുന്നു. ഓരോ തവണ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം വിലയിരുത്താന്‍ ഒന്നിച്ചിരുന്നപ്പോഴും രാഹുലിന് സഹപ്രവര്‍ത്തകര്‍ നല്‍കിയ പ്രതീക്ഷ അതാണ്. എന്നാല്‍ എല്ലാവരും കൂടി തന്നെ പറഞ്ഞുപറ്റിക്കുകയായിരുന്നു എന്ന തോന്നലാണത്രെ രാഹുലിനെ അലട്ടിയത്. സര്‍ക്കാരുണ്ടാക്കാന്‍ കഴിയുമെന്നും ആരൊക്കെ എന്തൊക്കെ വകുപ്പുകള്‍ ഏറ്റെടുക്കണമെന്നും വരെ രാഹുല്‍ ചില ഘടകകക്ഷി നേതാക്കളുമായി സംസാരിച്ചിരുന്നുവത്രെ. ഡിഎംകെ, ജെഡിഎസ്, അഖിലേഷ് യാദവ്, ലാലു യാദവിന്റെ പുത്രന്‍ എന്നിവരെയൊക്കെ ചട്ടം കെട്ടുകയും ചെയ്തു. അതിനൊക്കെ ശേഷം ഇത്തരമൊരു തിരിച്ചടി ഉണ്ടായപ്പോള്‍ പലരുടെയും മുഖത്ത് നോക്കാന്‍ പോലും രാഹുലിന് വിഷമമായത്രേ.
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഉപദേശിക്കാനും സഹായിക്കാനുമായി കോണ്‍ഗ്രസ് കണ്ടെത്തിയ മഹാന്‍ അടിച്ചു കൊണ്ടുപോയത് 24 കോടി രൂപയാണത്രെ. അതല്ല, അതിലേറെ കൊടുത്തു എന്ന് പറയുന്നവര്‍ കോണ്‍ഗ്രസില്‍ തന്നെയുണ്ട്. രാഹുല്‍ ഗാന്ധിക്ക് വേണ്ടി ട്വിറ്റര് ഉപയോഗിക്കാനായി നിയുക്തയായ മഹതിക്ക് കൊടുത്തത് എട്ട് കോടിയും. അവിടെ കോടികള്‍ക്ക് ഒരു വിലയുമില്ലായിരുന്നു എന്നതല്ലേ ഇതില്‍ നിന്നൊക്കെ തിരിച്ചറിയേണ്ടത്. ഇതൊക്കെ രാഹുല്‍ തനിച്ചു തീരുമാനിച്ചതല്ല , വമ്പന്മാരായ മുതിര്‍ന്ന നേതാക്കളായിട്ടു നിര്‍ദ്ദേശിച്ചത്. ഇങ്ങനെയൊക്കെ ആയാലേ ജയിക്കൂ എന്നതായിരുന്നുവത്രെ രാഹുലിനെ പറഞ്ഞുബോധിപ്പിച്ചത്. എന്നാല്‍ ഓരോ ദിവസവും നടന്ന പാര്‍ട്ടി അവലോകനയോഗത്തില്‍ തന്നെ പറഞ്ഞു പറ്റിക്കുകയാണ് നേതാക്കള്‍ ചെയ്തതെന്ന് രാഹുല്‍ തിരിച്ചറിഞ്ഞു. അത്രത്തോളം അദ്ദേഹത്തിന് കഴിഞ്ഞു എന്നത് പറയാതെ വയ്യതാനും.
പ്രതിപക്ഷ നേതൃ പദവി ലഭിക്കാന്‍ പോലും വേണ്ടുന്ന 55 എംപിമാരായുണ്ടാവാത്ത അവസ്ഥ വന്നപ്പോള്‍ രാഹുല്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടി. അതിനപ്പുറം, താന്‍ മുന്നില്‍ കാണുന്നത് രക്ഷപെടാന്‍ വഴിയില്ലാതെ കിടക്കുന്ന ഒരു പാര്‍ട്ടിയെയാണ് എന്നതും പിന്മാറാനുള്ള രാഹുലിന്റെ കാരണങ്ങളില്‍ ഒന്നാണ്. 200 ഓളം മണ്ഡലങ്ങളില്‍ അന്‍പത് ശതമാനത്തിലേറെ വോട്ട് നേടുന്ന ബിജെപിയെ ഇനി എങ്ങിനെ നേരിടും എന്നും അദ്ദേഹം ചിന്തിച്ചു എന്നതാണ് കാണേണ്ടത്. സംസ്ഥാനങ്ങളില്‍ ഭരണമുണ്ടായിട്ടും ഒരൊറ്റ എംപിമാരെ ജയിപ്പിക്കാനായില്ലെങ്കില്‍ പിന്നെന്ത് എന്നതും സാധാരണനിലക്ക് ഒരാള്‍ക്ക് ചിന്തിക്കാതെ പറ്റില്ലല്ലോ. അതുകൊണ്ട് തനിക്ക് ഇനി ഈ പാര്‍ട്ടിയെ രക്ഷിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം തീരുമാനിച്ചു. രാഹുല്‍ ഗാന്ധിയുടെ പക്ഷത്ത് നിന്ന് ചിന്തിക്കുമ്പോള്‍ അതിനെ കുറ്റപ്പെടുത്താന്‍ ഒരു നിഷ്പക്ഷ മതിക്കും കഴിയില്ല. പിന്നെ കോണ്‍ഗ്രസുകാരുടെ കാര്യം…….. അവര്‍ക്ക് ഈ പാര്‍ട്ടി നിലനില്‍ക്കണം; അതിനായി നെഹ്റു കുടുംബത്തില്‍ നിന്നൊരാള്‍ തലപ്പത്ത് ഉണ്ടായേ തീരൂ…… എന്നാല്‍ അതിന് ഇനിയും താന്‍ നിന്നു കൊടുക്കേണ്ടതുണ്ടോ എന്നതാണ് രാജിക്കത്ത് എഴുതുമ്പോഴും ഇപ്പോഴും രാഹുല്‍ ചിന്തിക്കുന്നത്.
വേറൊന്ന് കൂടിയുണ്ട്. അനവധി കേസുകളില്‍ ഇതിനകം രാഹുല്‍ പ്രതിയാണ്. പലതും തട്ടിപ്പ് കേസുകള്‍; ‘നാഷണല്‍ ഹെറാള്‍ഡ്’ കേസില്‍ ജാമ്യത്തിലാണ്. ബ്രിട്ടീഷ് പൗരത്വം സംബന്ധിച്ച കേസില്‍ എന്താവും അവസ്ഥ എന്നത് കണ്ടേ പറയാനാവൂ….. കാരണം അന്ന് ഒരിക്കല്‍ സ്വയം കാണിച്ചുകൂട്ടിയ അബദ്ധങ്ങള്‍ ഇങ്ങനെയൊക്കെ ഇടിത്തീയായി വന്നുവീഴുമെന്ന് കരുതിയതേയില്ല. അതിലേറെ പ്രശ്‌നമാണ് ടു- ജി കേസിലേത്. വിചാരണക്കോടതിയില്‍ രക്ഷപ്പെട്ടുവെങ്കിലും ഇപ്പോള്‍ കാര്യങ്ങള്‍ വിഷമകരമാണ്…….. ‘യൂണിടെക്ക്’- മായുള്ള ഇടപാടുകള്‍ സംബന്ധിച്ച എല്ലാ രേഖകളും സര്‍ക്കാരിന്റെ പക്കലുണ്ട്. അതൊക്കെ തന്നെ കേസില്‍ പ്രതിചേര്‍ക്കാന്‍ വേണ്ടത്രയാണ് എന്നതാണത്രേ രാഹുലിന് ആസ്ഥാന അഭിഭാഷകര്‍ നല്‍കിയ ഉപദേശം.
സഹോദരി ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര ഉണ്ടാക്കിയ പൊല്ലാപ്പ് വേറെയുണ്ട്. അധികാരത്തിലേറുമെന്നും കാര്യങ്ങള്‍ ഒക്കെ ‘വൃത്തിയാക്കാന്‍’ കഴിയുമെന്നുമാണ് കരുതിയത്. ഇനി അഞ്ചുവര്‍ഷം എന്താണ് നടക്കുക എന്നത് കാത്തിരുന്ന് കാണാനേ രാഹുലിനും പരിവാരങ്ങള്‍ക്കും കഴിയു. അതുകൊണ്ട് സജീവ രാഷ്ട്രീയത്തില്‍ നിന്ന് തന്നെ അദ്ദേഹം പിന്മാറുമോ എന്ന ആശങ്കയാണത്രെ സോണിയ ‘മാഡ’ത്തിനുള്ളത്. ഒന്നിനും സമ്മതിക്കാതെ രാഹുല്‍ മാറിനിന്നത് എന്തുകൊണ്ടാണ് എന്നത് അടുത്തറിയാവുന്നത് ഒരേയൊരാളാണ്; അത് അദ്ദേഹത്തിന്റെ അമ്മതന്നെയാണ്. അവരുടെ മുഖത്തെ വിഷമം നാം ശ്രദ്ധിക്കേണ്ടതാണ്…….. രാജീവ് ഗാന്ധിയുടെ മരണശേഷം ഇത്രമാത്രം ദുഃഖിതയായി മുന്‍ കോണ്‍ഗ്രസ് അധ്യക്ഷയെ കണ്ടിരിക്കില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നതത്രെ. അവരുടെ ഓരോ കണക്കുകൂട്ടലുകളും പിഴക്കുന്നു എന്നുവേണം വിലയിരുത്താന്‍.
Post Your Comments