സിനിമയെന്ന സ്വപ്നം സഫലീകരിക്കാന്‍ ജീവിതമെന്ന യാഥാര്‍ഥ്യത്തോട് തെല്ലും അക്ഷീണിതനാവാതെ പൊരുതി വിജയം കൈവരിക്കുന്നരുടെ സ്വപ്നസാക്ഷാത്കാരമാണ് ഓരോ വെള്ളിയാഴ്ചകളിലും സിനിമ കൊട്ടകകളെ അലങ്കരിക്കുന്നത്. അഭ്രപാളികളുടെ അകലാപാടങ്ങളില്‍ വിതയ്ക്കുന്ന അവരുടെ സ്വപ്നങ്ങള്‍ക്ക് ഏറെയും പറയാനുള്ളത് അവഹേളനങ്ങളുടെയും അപഹാസ്യത്തിന്റെയും അപമാനങ്ങളുടെയും കഥകളാണ്.രതീഷ് രാജുവെന്ന ഈ നവാഗതസംവിധായകനും പറയാനുണ്ട് അത്തരത്തിലൊരു കദനങ്ങളുടെ കനലാഴികള്‍ താണ്ടി സ്വപ്നം വിളയിച്ച കഥ.നാം തീവ്രമായി ഒരു കാര്യ ആഗ്രഹിച്ചാല്‍ അത് സാധിച്ചുതരാന്‍ പ്രപഞ്ചം ഒപ്പം നില്‍ക്കും.ലോക പ്രശസ്ത നോവലിസ്റ്റ് പൗലോ കൊയ് ലോയുടെ പ്രസിദ്ധമായ ആല്‍ക്കെമിസ്റ്റ് എന്ന നോവലിലെ വാക്കുകളാണിത്.പറയുന്നത് ക്ലീഷേയാണെങ്കിലും ഈ ഡയലോഗ് ഇവിടെ ഈ ചെറുപ്പക്കാരന്റെ സ്വപ്നസാക്ഷാത്കാരത്തിനു വേണ്ടി ഉപയോഗിച്ചില്ലെങ്കില്‍ പിന്നെ വേറെ എവിടെ ഉപയോഗിക്കാനാണ്?
ചെറുപ്പം മുതലേ സിനിമയിലേക്കൊരു വഴി തേടിയ ഒരു നാട്ടിന്‍പ്പുറത്തുക്കാരനായ പാവം ചെറുപ്പക്കാരനു അവന്റെ സ്വപ്നത്തിനു ചിറകുവയ്പ്പിക്കാനായി താണ്ടേണ്ടി വന്നത് കൂര്‍ത്ത കല്ലും മുള്ളും നിറഞ്ഞ സഹനത്തിന്റെ പാതകളായിരുന്നു.പയ്യന്നൂരിലെ ചെറുപുഴയെന്ന കൊച്ചുഗ്രാമത്തിലെ കടുമേനിയെന്ന സ്ഥലത്ത് ജനിച്ചുവളര്‍ന്ന രതീഷ് രാജുവിന്റെ പ്രതിഭ തഴച്ചു വളര്‍ന്ന സൈകതഭൂമിക അവന്റെ ബാല്യവും ആ നാട്ടിന്‍പ്പുറവും തന്നെയായിരുന്നു.അവന്റെ ആത്മകഥയായ ആത്മരതിയുടെ അവശേഷിപ്പുകള്‍ മുഖംമൂടിയില്ലാത്ത,നാട്യങ്ങളില്ലാത്ത തുറന്ന നാടന്‍ഭാഷയില്‍ നമ്മോടു സംവദിച്ചതും ആ കൊച്ചുനാട്ടിലൂടെ ,വഴികളിലൂടെ നടന്നുപോയ ഒരുവന്റെ അവശേഷിപ്പ് ബാക്കിവയ്ക്കാന്‍ വെമ്പുന്ന മനസ്സിന്റെ പ്രതിഫലനങ്ങളാണ്.കലാഭവന്‍ മണി സേവനസമിതി ചാരിറ്റബിള്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ 2017 ലെ കലാഭവന്‍ മണി മെമ്മോറിയല്‍ അവാര്‍ഡിനു അര്‍ഹമായ കൃതി കൂടെയാണ് ആത്മരതിയുടെ അവശേഷിപ്പുകള്‍.
തന്റെ ആത്മാവും ശരീരവും ഏതൊക്കെയോ തരത്തില്‍ ഒരു കലാകാരന്റെ ആത്മാവും ശരീരവുമാണെന്ന് കക്ഷിക്ക് കൗമാരത്തുടക്കത്തിലേ അറിയാമായിരുന്നു. അതിന്റെ ബഹിര്‍സ്ഫുരണമായി ആ ചെറുപ്പക്കാരനില്‍ ഉടലെടുത്തത് എഴുത്തായിരുന്നു.പിന്നീട് എഴുത്തിന്റെ വഴികളിലൂടെ തിരക്കഥാകൃത്തായി.പിഗ്മാലിയനെന്ന ഷോര്‍ട്ട്ഫിലിമിന്റെ കഥയും തിരക്കഥയുമെഴുതാന്‍ അവസരം കിട്ടിയപ്പോള്‍ അത് അവനിലെ സംവിധായകനിലേയ്ക്കുള്ള ആദ്യ പടവുകൂടിയായിരുന്നു. കുടുംബം പുലര്‍ത്താന്‍ മറ്റൊരു തൊഴില്‍ അനിവാര്യമായിരുന്നിട്ടും സിനിമയെ ഉപേക്ഷിക്കാന്‍ കഴിയാത്ത മനസ്സുമായി അവന്‍ നടന്നു. അതിനു കൂട്ടായി,അവന്റെ സ്വപ്നങ്ങളുടെ ചില്ലിനു താങ്ങായും തണലായും കൂടെ അച്ഛനുമമ്മയും നിന്നപ്പോള്‍ കൃത്യമായ സിനിമ പാരമ്പര്യമോ ഗുരുസ്ഥാനീയരുടെ പേരുകളോ അവകാശപ്പെടാനില്ലാത്ത രതീഷ് രാജുവെന്ന ചെറുപ്പക്കാരന്‍ ഒടുവില്‍ സിനിമയില്‍ത്തന്നെ എത്തിച്ചേര്‍ന്നു.സിനിമയെന്ന ലക്ഷ്യത്തിലെത്താന്‍ ആ ചെറുപ്പക്കാരന്‍ താണ്ടിയ വഴികളും പൊരുതിയ പോരാട്ടവും ലക്ഷ്യത്തിലേയ്ക്കുള്ള ഒരുവന്റെ അതിജീവനമായതിനാലാവാം അവന്റെ ആദ്യചിത്രം മൂന്നാംപ്രളയത്തിന്റെ പ്രമേയവും ഒരു പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും നേര്‍സാക്ഷ്യമായത്. ഓര്‍ക്കാനിഷ്ടപ്പെടാത്ത ഒത്തിരി ദുരനുഭവങ്ങളിലൂടെ കടന്നാണ് ഈ യുവാവ് സംവിധായകന്‍ എന്ന സ്വപ്നത്തിലേക്ക് നടന്നടുത്തത്. അതുകൊണ്ടു തന്നെയാവാം നമ്മളാരും ഓര്‍ക്കാനിഷ്ടപ്പെടാത്ത കഴിഞ്ഞകാല ദുരനുഭവമായ പ്രളയത്തെ തന്നെ ഈ ചെറുപ്പക്കാരന്‍ തെരഞ്ഞെടുത്തതും.
കേരളക്കരയെയാകെ ഭയത്തിന്റെയും ആശങ്കയുടെയും മുള്‍മുനയില്‍ നിര്‍ത്തിയ ആ പ്രളയകാലത്തിനു ഒരു വര്‍ഷം തികയുന്ന വേളയില്‍ ഭീതിതമായ ആ നാളുകളുടെ ചലച്ചിത്രഭാഷ്യമായ മൂന്നാം പ്രളയം ആ വിപത്തിനെ ഒരു ജനത ഒറ്റക്കെട്ടായി നേരിട്ട ചങ്കുറപ്പിന്റെയും ഒപ്പം അതിന്റെ ഇരയായ മനുഷ്യരുടെയും അവരുടെ കരളുറപ്പിന്റെയും അതിജീവനത്തിന്റെയും നേര്‍ക്കുള്ള തിരിഞ്ഞുനോട്ടം കൂടിയാണെന്ന് പറയുന്നു സംവിധായകന്‍ രതീഷ്.പ്രളയമെന്നത് നമ്മള്‍ നേരിട്ട ഇതിന്റെ ഭീകരതയെക്കാള്‍ ഉപരി ഒരു അതിജീവനത്തിന്റെ കഥ കൂടിയാണ് നമ്മള്‍ മലയാളികള്‍ക്ക്.ഒരു മഹാവിപത്തിനു മുന്നില്‍ സമന്മാരായ മനുഷ്യരെ നമ്മള്‍ കണ്ടത് പ്രളയക്കാലത്തായിരുന്നു.ഒരു ജനതയുടെ ഒരുമയായിരുന്നു അന്നവിടെ നമ്മള്‍ കണ്ടത്.ആ കാഴ്ചയും പ്രളയക്യാമ്പുകളിലെ അനുഭവവുമാണ് രതീഷ് രാജുവെന്ന യുവാവിനു സിനിമയാക്കാനുള്ള പ്രചോദനം നല്കിയത്.അയാളിലെ സിനിമാക്കാരന്‍ അവിടെ കണ്ടത് ഒരു പറ്റം നായകന്മാരെയും അവരൊരുമിച്ചു നേരിടുന്ന പ്രളയമെന്ന വില്ലനെയുമായിരുന്നു. സോഷ്യലിസം ദുരന്തത്തിനു മുന്നിലെങ്കിലും സാധ്യമാകുന്ന വ്യവസ്ഥ കണ്ട അയാളിലെ സംവിധായകന്‍ മൂന്നാംപ്രളയമെന്ന മനുഷ്യരെ വിശ്വാസത്തിലെടുക്കുന്ന സന്ദര്‍ഭങ്ങളെ കൂട്ടിയിണക്കുന്ന സിനിമയെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.അയാളിലെ എഴുത്തുകാരനിലെ മറ്റൊരു ആത്മരതി കൂടിയാണാ തീരുമാനം.
പ്രളയത്തെ നേരിട്ടും അല്ലാതെയും അറിഞ്ഞവരുടെ അനുഭവങ്ങളിലൂടെയാണ് തിരക്കഥ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓഗസ്റ്റ് 15, 16, 17 എന്നീ ദിവസങ്ങളില്‍ കുട്ടനാട് കൈനകരിയിലുള്ള ആളുകളുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. പ്രളയ സമയത്തെ രണ്ട് രാത്രികളിലും ഒരു പകലിലുമായി നടക്കുന്ന കഥയാണിത്. അഭിനേതാക്കളില്‍ ഏറിയ പങ്കും പുതുമുഖങ്ങളും പ്രളയം ജീവിതത്തില്‍ നേരിട്ടവരുമാണ്.ചിത്രത്തില്‍ വേഷമിട്ടിട്ടുള്ള ഒന്നരവയസ്സുള്ള കുഞ്ഞ് മുതല്‍ എഴുപത്തിരണ്ടു വയസ്സുള്ള അഭിനേതാവ് വരെ തിരശ്ശീലയിലൂടെ സംവദിക്കുന്നത് മഹാപ്രളയത്തിന്റെ വൈകാരികമുഹൂര്‍ത്തങ്ങളാണ്..കുട്ടനാടും പരിസരപ്രദേശങ്ങളിലും വച്ച് ചിത്രീകരിച്ച ഈ ചിത്രം പറയുന്നത് പ്രളയം ഒരുകൂട്ടം മനുഷ്യരുടെ ജീവിതത്തിലുണ്ടാക്കിയ വൈകാരികസംഘര്‍ഷങ്ങളെക്കുറിച്ചാണ്.ചിലര്‍ക്ക് പ്രളയം പ്രണയമാകുമ്പോള്‍ ചിലരുടെ ജീവിതത്തിലത് പ്രതികാരമാകുന്നു.ഈ കഥയിലെ ഓരോ മനുഷ്യനും അവന്റെ വൈകാരികപരിസരത്തില്‍ പ്രളയം ഒരു കഥാപാത്രമായി മാറുന്നുണ്ട്. ഭയത്തിന്റെ, ആകുലതയുടെ, പ്രതീക്ഷയുടെ, പോരാട്ടത്തിന്റെ, അതിജീവനത്തിന്റെ വൈകാരികമുഹൂര്‍ത്തങ്ങളാണ് ഈ ചിത്രം തുറന്നുകാട്ടുന്നത്. ചിത്രത്തിന്റെ ക്ലൈമാക്‌സ് കല്ലാര്‍ക്കുട്ടി ഡാമിലാണ് ചിത്രീകരിച്ചത്.സംവിധായകനു ഏറ്റവും സംതൃപ്തി നല്കിയതും ക്ലൈമാക്‌സ് രംഗങ്ങളുടെ ചിത്രീകരണമാണ്.
അഷ്‌ക്കര്‍ സൗദാന്‍ നായകനാവുന്ന ചിത്രത്തില്‍ സായ്കുമാര്‍, അനില്‍ മുരളി, അരിസ്റ്റോ സുരേഷ്, കൂക്കിള്‍ രാഘവന്‍, സദാനന്ദന്‍ ചേപ്പറമ്പ്, സനൂജ സോമനാഥ്, ബിന്ദു പണിക്കര്‍, സാന്ദ്ര നായര്‍, കുളപ്പുളി ലീല, ബേസില്‍ മാത്യു, അനീഷ് ആനന്ദ്, അനില്‍ ഭാസ്‌കര്‍, മഞ്ജു സുഭാഷ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ചിത്രത്തില്‍ റസാഖ് കുന്നത്ത് ഛായാഗ്രഹണം നിര്‍വഹിക്കുമ്പോള്‍ സംഗീത സംവിധാനം രഘുപതിയാണ്. ചിത്രസംയോജനം ഗ്രെയ്‌സണും മേക്കപ്പ് ലാല്‍ കരമനയും നിര്‍വഹിക്കും. ചീഫ് അസോസിയേറ്റ് അനീഷ് കാട്ടിക്കോയും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രകാശ് തിരുവല്ലയുമാണ്.
നമ്മള്‍ കണ്ടതും അനുഭവിച്ചതുമായ ജീവിതത്തിന്റെ അടയാളമായ മൂന്നാംപ്രളയം ജൂണ്‍ അവസാന വാരമോ ജൂലൈ ആദ്യ വാരമോ പ്രദര്‍ശനത്തിനെത്തുമ്പോള്‍ അത് ഒരുപാടുപേരുടെ സ്വപ്നസാക്ഷാത്കാരത്തിന്റെ കഥകള്‍ കൂടി പറയാതെ പറയും.സിനിമയെ വല്ലാതെ സ്‌നേഹിച്ച ഒരു സംവിധായകന്റെ,അറുപതോളം പുതുമുഖങ്ങളുടെ സിനിമാപ്രവേശത്തിന്റെ ,വില്വനെന്ന എഴുത്തുകാരന്റെ മൂര്‍ച്ചയുള്ള തൂലികയുടെ ,ഒരു നവാഗതസംവിധായകനെ വിശ്വസിച്ച ദേവസ്യ കുര്യാക്കോസെന്ന നിര്‍മ്മാതാവിന്റെ മൊത്തം സ്വപ്നങ്ങളുടെ ആകെ തുകയാണ് മൂന്നാംപ്രളയം.
Post Your Comments