Latest NewsKerala

മോളിയുടെ ദുരിതം ‘അമ്മ’ അറിഞ്ഞു; ഉടന്‍ വീട് നിര്‍മ്മിച്ച് നല്‍കും

കൊച്ചി: സിനിമാ സീരിയല്‍ രംഗത്ത് ഏറെ ശ്രദ്ധേയയായ കലാകാരി മോളി കണ്ണമാലിക്ക് വീട് നിര്‍മ്മിച്ച് നല്‍കാനൊരുങ്ങി താരസംഘടനയായ ‘അമ്മ’. കയറിക്കിടക്കാന്‍ ചോര്‍ന്നൊലിക്കാത്ത ഒരു കൂര പോലുമില്ലാതെ കഷ്ടപ്പെടുന്ന മോളിയുടെ ദുരിതജീവിതം വാര്‍ത്തയായിരുന്നു. ഇതോടെ മോളിയുടെ ദുരിതമറിഞ്ഞ സംഘടന കലാകാരിയെ സഹായിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ജൂണ്‍ ഒന്നിന് ചേര്‍ന്ന ‘അമ്മ’യുടെ എക്‌സിക്യുട്ടീവ് കമ്മറ്റി ഇത് സംബന്ധിച്ച തീരുമാനം എടുത്തതായി ‘അമ്മ’ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. നിലവില്‍ ‘അമ്മ’യില്‍ അംഗമല്ലാത്ത മോളി കണ്ണമാലിക്ക് അക്ഷരവീട് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വീട് നിര്‍മിച്ച് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. അക്ഷരവീട് പദ്ധതിയുടെ ടീം സ്ഥലം സന്ദര്‍ശിക്കുകയും നിയമപരമായ വശങ്ങള്‍ കൂടി പരിഗണിച്ച് എത്രയും വേഗം വീട് നിര്‍മിക്കാനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് മോളിയുടെ ദുരിതം പുറം ലോകമറിഞ്ഞത്. എറണാകുളം കണ്ണമാലി പുത്തന്‍തോട് പാലത്തിനടുത്തുള്ള കൊച്ചുകൂരയിലാണ് മലയാളികളെ ഏറെ ചിരിപ്പിച്ച ഈ കലാകാരിയുടെ താമസം. ചവിട്ടുനാടക കലാകാരിയായ മോളി കണ്ണമാലിക്ക് എറണാകുളം എംപി കെ വി തോമസ് വീട് നിര്‍മ്മിച്ച് നല്‍കിയെങ്കിലും പിന്നീട് മകനൊപ്പം ഇവര്‍ താമസം മാറുകയായിരുന്നു. മോളിക്കും കുടുംബത്തിനും ഇഷ്ടദാനം ലഭിച്ച സ്ഥലം തര്‍ക്കത്തിലായതോടെ അവിടെ വീട് പണിയാനുള്ള ആഗ്രവും സാധിച്ചില്ല. തുടര്‍ന്നാണ് മോളിയും മകനും ഷെഡ്ഡിലേക്ക് താമസം മാറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button