
ന്യൂഡല്‍ഹി: മ്യാന്‍മര്‍ അതിര്‍ത്തിയിലൂടെ മണിപ്പുര്‍, നാഗാലാന്‍ഡ്, അസം സംസ്‌ഥാനങ്ങളില്‍ അശാന്തിവിതയ്‌ക്കുന്ന ഭീകരരുടെ ക്യാമ്പുകള്‍ കരസേന നാമാവശേഷമാക്കി. മ്യാന്‍മര്‍ സൈന്യത്തിന്റെ സഹകരണത്തോടെയായിരുന്നു നടപടി. “ഓപ്പറേഷന്‍ സണ്‍റൈസ്” എന്ന സൈനിക നടപടിയുടെ രണ്ടാം ഘട്ടമാണ് ഏതാനും ദിവസങ്ങള്‍ കൊണ്ടു പൂര്‍ത്തിയാക്കിയത്.
സംയുക്‌ത ദൗത്യത്തിലൂടെ കംതാപുര്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ (കെ.എല്‍.ഒ), എന്‍.എസ്.സി.എന്‍ (ഖപ്ലാങ്), യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം-ഐ, നാഷണല്‍ ഡമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ് (എന്‍.ഡി.എഫ്.ബി) എന്നീ സംഘടനകളുടെ ക്യാമ്പുകളാണ് ആക്രമിച്ചത്. മുപ്പതോളം ഭീകരെ അറസ്‌റ്റ് ചെയ്‌തെന്നാണു പ്രതിരോധ ഉദ്യോഗസ്‌ഥര്‍ നല്‍കുന്ന വിവരം. മൂന്നു മാസം മുമ്പു സമാനമായ ആക്രമണങ്ങളിലൂടെ നിരവധി ഭീകരക്യാമ്പുകള്‍ തകര്‍ത്തെറിഞ്ഞത്.
ഏകദേശം 1,640 കിലോമീറ്ററാണ് ഇന്ത്യാ-മ്യാന്‍മര്‍ അതിര്‍ത്തി. മണിപ്പുരില്‍ 2015 ജൂണില്‍ 18 സൈനികരുടെ ജീവന്‍ നഷ്‌ടപ്പെട്ട ഭീകരാക്രമണത്തിനു പിന്നാലെ കരസേന എന്‍.എസ്.സി.എന്‍ (ഖപ്ലാങ്) വിഭാഗത്തെ കടന്നാക്രമിച്ചിരുന്നു. ഇന്ത്യക്കു തെക്കുകിഴക്കനേഷ്യയിലേക്കു വഴിതുറക്കുന്ന കലാദാന്‍ ഗതാഗത ഇടനാഴിക്കെതിരായി പ്രവര്‍ത്തിക്കുന്ന അരാക്കന്‍ ആര്‍മിയെയാണ് ഓപ്പറേഷന്‍ സണ്‍റൈസിന്റെ ആദ്യഘട്ടത്തില്‍ ലക്ഷ്യമിട്ടത്.
ഇന്റലിജന്‍സ് വിവരങ്ങള്‍ ലഭിക്കുന്ന മുറയ്‌ക്ക് സൈനികനടപടി തുടരാനാണു പദ്ധതി.
കരസേനയ്‌ക്കു പുറമേ അസം റൈഫിള്‍സും കഴിഞ്ഞ ദിവസങ്ങളിലെ ആക്രമണത്തില്‍ പങ്കെടുത്തു.
Post Your Comments