Latest NewsIndia

വാക്ക് തര്‍ക്കം അടിപിടിയായി; ഡ്രൈവറെ നടുറോഡില്‍ തല്ലിച്ചതച്ച് പൊലീസ് – വീഡിയോ

ന്യൂഡല്‍ഹി : വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് ടെമ്പോ വാന്‍ ഡ്രൈവറെ നടുറോഡില്‍ വച്ച് കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ച് ഡല്‍ഹി പൊലീസ്.  വാനും പൊലീസ് വാഹനവും തമ്മിലിടിച്ചതിനെത്തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനിടെ ഡ്രൈവര്‍ പ്രകോപിതനായി തങ്ങളെ ആക്രമിച്ചെന്നാണ് പൊലീസിന്റെ വാദം. എന്നാല്‍, ദൃക്സാക്ഷികള്‍ ഇത് നിഷേധിക്കുന്നു. സംഭവത്തില്‍ മൂന്ന് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു.

ഡല്‍ഹിയിലെ മുഖര്‍ജി നഗറില്‍ ഞായറാഴ്ച്ചയാണ് സംഭവം. സിഖുകാരനായ ഡ്രൈവറെ പൊലീസുകാര്‍ ലാത്തികൊണ്ട് തല്ലുന്ന വീഡിയോ സോഷ്യല്‍മീഡിയ വഴി പ്രചരിക്കുകയായിരുന്നു. ഡ്രൈവര്‍ക്കൊപ്പമുണ്ടായിരുന്ന 16കാരനായ മകനെയും പൊലീസ് മര്‍ദ്ദിച്ചു. ഡ്രൈവര്‍ കയ്യില്‍ വാള് പിടിച്ചിരിക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം. ഇതുപയോഗിച്ച് ഇയാള്‍ ഒരു പൊലീസുകാരനെ ആക്രമിച്ചെന്നാണ് പൊലീസിന്റെ വാദം.

എന്നാല്‍, വാളുയര്‍ത്തി ഭീഷണിപ്പെടുത്തിയതല്ലാതെ ആക്രമണം നടത്തിയില്ലെന്ന് ദൃക്സാക്ഷികളില്‍ ചിലര്‍ പറയുന്നു. സംഭവം വിവാദമായതോടെയാണ് പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കുകയായിരുന്നു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തതായും വിഷയത്തില്‍ ഉന്നത തല അന്വേഷണം ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

തലപ്പാവിന്റെ പേരില്‍ ഡ്രൈവറെ പൊലീസ് അധിക്ഷേപിച്ചെന്നാരോപിച്ച് ബിജെപി എംഎല്‍എ മജീന്ദര്‍ സിങ് സിര്‍സ രംഗത്തെത്തിയതോടെ സംഭവം കൂടുതല്‍ വിവാദമായി. രാഷ്ട്രീയരംഗത്തു നിന്നുള്ളവരും സിഖ് സംഘടനകളും പൊലീസിനെതിരെ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിഷയത്തില്‍ നേരിട്ട് ഇടപെടണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ട്വീറ്റിലൂടെ ആവശ്യപ്പെടുകയും ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button