ന്യൂഡല്‍ഹി: അനന്ത്നാഗില്‍ ബുധനാഴ്ച സെന്‍ട്രല്‍ റിസര്‍വ് ( സിആര്‍പിഎഫ്) പോലീസ് പട്രോളിംഗ് നടത്തിയിരുന്ന സംഘത്തിനു നേരെ ഉണ്ടായ ഭീകരാക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഇന്‍സ്പെക്ടര്‍ക്ക് വീരമൃത്യു. ഇദ്ദേഹം വെടിയേറ്റു വീണിട്ടും ഭീകരനെ തിരിച്ചു വെടിവെച്ചു വീഴ്ത്തിയിരുന്നു. പോലീസ് ഇന്‍സ്പെക്ടര്‍ അര്‍ഷാദ് അഹമ്മദ് ഖാനാണ് വീരമൃത്യു വരിച്ചത്. ഇതോടെ ആക്രമണത്തില്‍ വീരമൃത്യു വരിച്ച സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം 6 ആയി.
കഴിഞ്ഞ ബുധനാഴ്ച അനന്ത്നാഗില്‍ ബൈക്കിലെത്തിയ ജയ്ഷെ മുഹമ്മദ് ഭീകരര്‍ സിഐആര്‍പിഎഫ് പോലീസ് പട്രോളിംഗ് സംഘത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സുരക്ഷാ സേനയുടെ വാഹനത്തില്‍ നിന്നു പുറത്തിറങ്ങവേയാണ് അര്‍ഷാദ് അഹമ്മദ് ഖാനു നേരെ ഒളിയാക്രമണം ഉണ്ടാകുന്നത്. വെടിയേറ്റു വീണു പിടയുന്നതിനിടെയിലും അദ്ദേഹം ഭീകരനെ തിരിച്ച് വെടിവെച്ചു വീഴ്ത്തി.
ഉടന്‍തന്നെ അര്‍ഷാദിനെ ശ്രീനഗറിലെ കരസേന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ സ്ഥിതി മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ പ്രത്യേക എയര്‍ ആംബുലന്‍സിന്റെ സഹായത്തോടെ ഡല്‍ഹിയിലുള്ള ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് എത്തിക്കാന്‍ ശ്രമിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭീകരര്‍ വെടിവെച്ചു വീഴ്ത്തിയിട്ടും തളരാത്ത അദ്ദേഹത്തിന്റെ പോരാട്ട വീര്യം ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പ്രശംസിച്ചിരുന്നു.
Post Your Comments