തിരുവനന്തപുരം: “എന്റെ കലാസൃഷ്ടികൾ വിരിയുന്നത് മീൻവാലിലാണ്. കേൾക്കുമ്പോൾ മറ്റുള്ളവർക്ക് കൗതകകരമായിട്ട് തോന്നാം, പക്ഷെ എത്രകാലം കഴിഞ്ഞാലും ഈ മീൻവാൽ രൂപങ്ങൾ ചീത്തയാവില്ല. കഴുകി വൃത്തിയാക്കുകയും ചെയ്യാം”. ഇടപ്പഴിഞ്ഞി സി.എസ്.എം നഗറിൽ ലേഖ രാധാകൃഷ്ണൻ എന്ന കലാകാരിയുടെ വാക്കുകളാണിത്.
മീൻ വെട്ടാനെടുത്താൽ ലേഖ രാധാകൃഷ്ണൻ ആദ്യം വാൽഭാഗം മുറിച്ച് മാറ്റിവയ്‌ക്കും. കടയിൽ നിന്ന് മീൻ വെട്ടി വാങ്ങുന്ന പതിവും ലേഖയ്ക്കില്ല. മീൻ വാലുപയോഗിച്ച് ആഭരണങ്ങളും കൗതുകവസ്തുക്കളും വരെ ലേഖയ്ക്കു നിഷ് പ്രയാസം നിർമ്മിക്കാനാകും. കലാസൃഷ്‌ടികൾ നടത്താനുള്ള അസംസ്കൃത വസ്‌തുവാണ് ലേഖയ്‌ക്ക് മീൻവാൽ. ലേഖയുടെ സൃഷ്ടികൾക്ക് യൂണിവേഴ്‌സൽ റെക്കോർഡ് ഫോറത്തിന്റെ ടോപ് ടാലന്റ് അവാർഡ് കിട്ടിയത് ഈ അടുത്ത കാലത്താണ്. ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് സ്ഥാപനത്തിൽ ഉദ്യോഗസ്ഥകൂടിയാണ് ലേഖ.
നാല് വർഷം മുൻപാണ് മീനിന്റെ വാല്, തോല്, ഞണ്ടിന്റെ തോട് എന്നിവ ഉപയോഗിച്ച് കരകൗശലവസ്തുക്കൾ നിർമ്മിക്കാൻ തുടങ്ങിയത്. നെക്‌ലേസ്, ഷോ പീസുകൾ, പൂക്കൾ, ആഭരണങ്ങൾ തുടങ്ങി പലതും നിർമ്മിച്ചിട്ടുണ്ട്. ലേഖയുടെ കൈയിൽ എന്തുകിട്ടിയാലും അത് കൗതുകവസ്തുവായി മാറും. മുന്തിരിക്കുലയുടെ ഞെട്ട് ഉപയോഗിച്ച് മരത്തിന്റെ മിനിയേച്ചറും അലങ്കാരക്കടലാസ് ഉപയോഗിച്ച് അൻപതിലധികം ഡിസൈനുകളിൽ കമ്മലും മാലയും നിർമ്മിച്ചിട്ടുണ്ട്. ഗോതമ്പുമാവിൽ പൂച്ചക്കുട്ടികൾ, ചിത്രശലഭങ്ങൾ തുടങ്ങിയവ നിർമ്മിക്കും, ഇവയുടെ ഫോട്ടോകൾ ചേർത്ത് യൂട്യൂബ് ചാനലിൽ ‘ഫ്ലവറിംഗ് കിച്ചൻ അമേസിംഗ്’ എന്ന പേരിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഗിന്നസിലേക്ക്ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച ലേഖ ഗിന്നസ് ബുക്കിൽ ഇടം നേടാനുള്ള ശ്രമത്തിലാണ്. തിരുവനന്തപുരത്തും കൊച്ചിയിലുമായി ഒൻപത് എക്സിബിഷനുകൾ നടത്തിയിട്ടുണ്ട്. വ്യവസായ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടറായ ഭർത്താവ് ഇടപ്പഴിഞ്ഞി രാധാകൃഷ്ണനും മക്കളും ലേഖയുടെ ഹോബിക്ക് പിന്തുണ നൽകുന്നു. ഡന്റൽ സ്പെഷ്യലിസ്റ്റായ മകൾ ഡോ. രേണുകയും മാർക്കറ്റിംഗ് മാനേജരായ മകൻ വിഷ്ണുവും കോളേജ് അദ്ധ്യാപികയും സിനിമാ താരവുമായ മരുമകൾ ചാന്ദ്നിയും അടങ്ങുന്നതാണ് കുടുംബം.
Post Your Comments