CricketLatest NewsIndia

ഇന്ത്യയുടെ മിന്നുന്ന ജയം: ഇത് പാകിസ്ഥാന് ഇന്ത്യ നല്‍കിയ മറ്റൊരു ‘സ്‌ട്രൈക്ക്’ എന്ന് അമിത് ഷാ; ടീം ഇന്ത്യക്ക് അഭിനന്ദന പ്രവാഹം

ന്യൂ ഡല്‍ഹി: ലോകകപ്പ് ചരിത്രത്തില്‍ പാകിസ്ഥാനെ ഏഴാം തവണയും മുട്ടുകുത്തിച്ച ഇന്ത്യന്‍ ടീമിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അഭിനന്ദനം. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇന്ത്യന്‍ ടീമിന് അഭിനന്ദനമറിയിച്ചത്. 2016-ല്‍ ഇന്ത്യ പാകിസ്ഥാനില്‍ നത്തിയ മിന്നലാക്രമണത്തോട് ഉപമിച്ചാണ് അമിത് ഷാ ട്വീറ്റ് ചെയ്തിരിക്കുന്നത്. ‘ഇത് ഇന്ത്യ പാകിസ്ഥാനു നല്‍കിയ മറ്റൊരു ‘സ്‌ട്രൈക്ക്’. എന്നാല്‍ ഫലത്തില്‍ മാറ്റമുണ്ടായില്ല. മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യക്ക് അഭിനന്ദനങ്ങള്‍. വിജയത്തില്‍ ഓരോ ഭാരതീയനും അഭിമാനിക്കുന്നു’. അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.

അമിത് ഷായ്ക്കു പിന്നാലെ മറ്റ് പ്രമുഖ നേതാക്കളും ടീമിന് ആശംസകളുമായെത്തി.അമിതാ ഷായ്ക്കു പിന്നാലെ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും ടീമിന് അഭിനന്ദനമറിയിച്ചു. ലോകകപ്പില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച ഇന്ത്യന്‍ ടീമിന് അഭിനന്ദനങ്ങള്‍ നേര്‍ന്ന അദ്ദേഹം ടീമിന്റെ നേട്ടത്തില്‍ അഭിമാനിക്കുന്നുവെന്നും വ്യക്തമാക്കി. റെയില്‍ വേ മന്ത്രി പീയുഷ് ഗോയല്‍ വിജയത്തില്‍ അഭിനന്ദനങ്ങള്‍ നേര്‍ന്നതിനൊപ്പം ടീമിന്റെ മുന്നോട്ടുള്ള യാത്രയില്‍ എല്ലാവിധ ആശംസകളും നേര്‍ന്നു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും ടീമിന് ആശംസകള്‍ നേര്‍ന്നു.

പാകിസ്ഥാനെതിരായ വിജയത്തില്‍ ഇന്ത്യക്ക് ആശംസകളുമായി കോണ്‍ഗ്രസ് പാര്‍ട്ടിയും രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ ടീം തുടര്‍ച്ചയായി രാജ്യത്തിന് അഭിമാനം സമ്മാനിക്കുന്നതിന് നന്ദി എന്നാണ് കോണ്‍ഗ്രസ് ട്വിറ്ററില്‍ കുറിച്ചത്. കോണ്‍ഗ്രസിനു പിന്നാലെ അശോക് ഗെലോട്ട്, സച്ചിന്‍ പൈലറ്റ് എന്നിവരും ടീമിന് അഭിനന്ദനമറിയിച്ചു.മഴ രസംകൊല്ലിയായെത്തിയ ലോകകപ്പ് മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് കൂറ്റന്‍ ജയം. മാഞ്ചസ്റ്ററില്‍ 89 റണ്‍സിനായിരുന്നു കോലിപ്പടയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ രോഹിത് ശര്‍മ (140)യുടെ സെഞ്ചുറി കരുത്തില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സാണ് നേടിയത്.

മറുപടി ബാറ്റിംഗ് ആരംഭിച്ച പാക്കിസ്ഥാന്‍ 35 ഓവറില്‍ ആറിന് 166ല്‍ നില്‍ക്കെ മഴയെത്തുകയായിരുന്നു.ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം പിന്നീട് വിജയലക്ഷ്യം 40 ഓവറില്‍ 302 റണ്‍സാക്കി കുറച്ചു. എന്നാല്‍ പാക്കിസ്ഥാന് ആറ് വിക്കറ്റിന് 212 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ വിജയ് ശങ്കര്‍, കുല്‍ദീപ് യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് പാക്കിസ്ഥാനെ തകര്‍ത്തത്. 62 റണ്‍സെടുത്ത ഫഖര്‍ സമനാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍. ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ തുടര്‍ച്ചയായ ഏഴാം ജയമാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button