മാവേലിക്കര : മാവേലിക്കരയിൽ പോലീസുകാരിയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി മറ്റൊരു പോലീസുകാരൻ. എറണാകുളത്ത് ജോലി ചെയ്യുന്ന മലപ്പുറം സ്വദേശിയായ പോലീസുകാരൻ അജാസാണ് പ്രതി. ആലുവ ട്രാഫിക് വിഭാഗത്തിലെ പോലീസുകാരനാണ് അജാസ്. വ്യക്തി വൈരാഗ്യം തന്നെയാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി. ആലപ്പുഴ വള്ളിക്കുന്നം സ്റ്റേഷനിലെ സിപിഒ സൗമ്യയാണ് കൊല്ലപ്പെട്ടത്.
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് എത്തിയ സൗമ്യ മറ്റെന്തോ സാധനം വാങ്ങാൻ സ്കൂട്ടറിൽ കടയിൽ പോയിരുന്നു. തിരികെ വരുമ്പോൾ അജാസ് വെളുത്ത ആൾട്ടോ കാറിലെത്തി സൗമ്യയെ ഇടിച്ചിട്ട ശേഷം മൂന്ന് തവണ വെട്ടി. തുടർന്ന് വലിയ കന്നാസിൽ കരുതിയ പെട്രോൾ സൗമ്യയുടെ ദേഹത്തേക്ക് ഒഴിച്ചശേഷം തീകൊളുത്തുകയായിരുന്നു. സംഭവം കണ്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും തീ വലിയ രീതിയിൽ പടർന്നതോടെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല.
ഇവർ തമ്മിൽ മുമ്പ് ഇഷ്ടത്തിലായിരുന്നുവെന്നും അതിനെ ചുവടുപിടിച്ച വൈരാഗ്യത്തലാണ് കൊലപാതകം നടന്നതെന്നും പോലീസ് വ്യക്തമാക്കി. സൗമ്യയുടെ ഭർത്താവ് വിദേശത്താണ്. മൂന്ന് കുട്ടികളുള്ള സൗമ്യയുടെ ഇളയകുട്ടിക്ക് ഒന്നരവയസുമാത്രമാണ് പ്രായം.
പ്രതി അജാസും അയാൾ ഉപയോഗിച്ച ആയുധവും കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വളരെ ആസൂത്രിതമായ കൊലപാതകമായിട്ടാണ് പോലീസ് ഈ സംഭവത്തെ കാണുന്നത്.പോലീസ് സ്റ്റേഷന് 2 കിലോമീറ്റർ അകലെവെച്ചാണ് സംഭവം നടന്നത്.
Post Your Comments