ഖാര്‍ത്തും : ആഭ്യന്തര കലാപം രൂക്ഷമായ സുഡാനില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമെതിരെ വ്യാപകമായ ലൈംഗിക അതിക്രമം നടന്നെന്ന് റിപ്പോര്‍ട്ട്. ജനകീയ സര്‍ക്കാരിനു വേണ്ടി പ്രതിഷേധം തുടരുന്ന പ്രക്ഷോഭകരില്‍പ്പെട്ട എഴുപതിലേറെ വനിതകളെ ഉള്‍പ്പെടെയാണ് പാരാമിലിട്ടറി അംഗങ്ങള്‍ ബലാത്സംഗം ചെയ്തത്. ഇവിടെയുള്ള റോയല്‍ കെയര്‍ എന്ന ആശുപത്രിയില്‍ എട്ടു പേരാണ് പീഡനത്തെത്തുടര്‍ന്ന് ചികിത്സ തേടിയത്.
ഇവരില്‍ അഞ്ചു പേര് വനിതകളും മൂന്നു പേര് പുരുഷന്മാരുമാണ്. ആര്‍എസ്എഫിലെ നാല് അംഗങ്ങള്‍ പീഡിപ്പിച്ച വനിത ഉള്‍പ്പെടെ രണ്ടു പേരെ ഖാര്‍ത്തുമിന് തെക്കുള്ള പേരു വെളിപ്പെടുത്താത്ത ആശുപത്രികളിലൊന്നില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പീഡനത്തിനിരയായ ഒട്ടേറെ പേര് സമൂഹമാധ്യമങ്ങളിലും അനുഭവം പങ്കുവയ്ക്കുന്നുണ്ട്. പ്രതികാരനടപടി ഭയന്ന് പലരും വിവരം പുറത്തറിയിക്കുന്നില്ലെന്ന പ്രശ്നവുമുണ്ട്. നഗരത്തിലേക്കിറങ്ങാന്‍ പറ്റാത്ത വിധം സുരക്ഷാപ്രശ്നങ്ങളുണ്ട്. ആശുപത്രികളിലെ സംവിധാനങ്ങളും പരിതാപകരമാണ്.
തലസ്ഥാനമായ ഖാര്‍ത്തുമിലെ സൈനിക കേന്ദ്രത്തിനു മുന്നില്‍ പ്രക്ഷോഭം തുടരുന്നതിനിടെ പ്രതിഷേധക്കാര്‍ക്കു നേരെ ജൂണ്‍ മൂന്നിന് സൈന്യം അക്രമം അഴിച്ചുവിടുകയായിരുന്നു. തുടര്‍ന്നു നടന്ന അക്രമത്തില്‍ നൂറിലേറെ പേര് കൊല്ലപ്പെട്ടതായും 700ലേറെ പേര്‍ക്കു പരുക്കേറ്റതായും പ്രക്ഷോഭകരെ പിന്തുണയ്ക്കുന്ന ഡോക്ടര്‍മാരുടെ കൂട്ടായ്മ പറഞ്ഞു. മരിച്ചവരില്‍ 19 പേര് കുട്ടികളാണെന്നും റിപ്പോര്‍ട്ടുണ്ട്. പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ഉത്തരവ് നല്‍കിയതായും അക്കാര്യത്തില്‍ ചില ‘തെറ്റുകള്‍’ പറ്റിയതായും സൈന്യം സമ്മതിച്ചിട്ടുണ്ട്.
Post Your Comments