ന്യൂഡല്‍ഹി: ബംഗാളിലെ ഡോക്ടര്‍മാരുടെ സമരം രാജ്യവ്യാപകമാകുന്നു. തിങ്കളാഴ്ച ഡോക്ടര്‍മാര്‍ രാജ്യവ്യാപക പണിമുടക്ക് നടത്തും. ബംഗാളില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് രാജ്യവ്യാപക സമരം. ബംഗാളിലെ ഡോക്ടര്‍മാരുടെ സമരം നാലാം ദിവസത്തേക്ക് കടക്കുമ്പോഴാണ് സമരം രാജ്യവ്യാപകമാക്കുന്നത്. ഡോക്ടര്‍മാരുടെ സമരം മമതാ ബാനര്‍ജി സര്‍ക്കാരിനെതിരായ രാഷ്ട്രീയ നീക്കമായി കൂടി മാറിയിരിക്കുകയാണ്.
ഡോക്ടര്‍മാരെ രോഗിയുടെ ബന്ധുക്കള്‍ ആക്രമിച്ച സംഭവത്തില്‍ മമത തന്നെ മാപ്പ് പറയണമെന്നും ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യങ്ങള്‍ പോലും സമരത്തിന്റെ ഭാഗമായി ഉയരുന്നുണ്ട്. അതുകൊണ്ടുതന്നെ സമരക്കാരോട് വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് മമതാ ബാനര്‍ജി. ഐ.എം.എയാണ് രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഡോക്ടര്‍മാര്‍ക്കെതിരായ ആക്രമണങ്ങള്‍ തടയാന്‍ കേന്ദ്രനിയമം കൊണ്ടുവരണമെന്ന് പ്രധാനമന്ത്രിയോടും കേന്ദ്ര ആഭ്യന്തര മന്ത്രിയോടും ഐ.എം.എ ആവശ്യപ്പെട്ടു.
വ്യാഴാഴ്ച് രണ്ട് മണിക്ക് മുമ്പ് സമരം നിര്‍ത്തണമെന്നും സമരം തുടരുന്നവര്‍ സര്‍ക്കാര്‍ ഹോസ്റ്റലുകള്‍ ഒഴിയണമെന്നും മമതാ ബാനര്‍ജി അന്ത്യശാസനം നല്‍കിയിരുന്നു.എന്നാല്‍ മമതയുടെ അന്ത്യശാസനം തള്ളിയ ഡോക്ടര്‍മാര്‍ സമരവുമായി മുന്നോട്ട് പോവുകയാണ്. അതിനിടെ ഡോക്ടര്‍മാരുടെ സമരത്തെ മമതാ ബാനര്‍ജി അഭിമാന പ്രശ്‌നമായി കാണരുതെന്നും സമരം തീര്‍ക്കാന്‍ അടിയന്തരമായി ഇടപെടണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ ആവശ്യപ്പെട്ടു.
‘ഒരു മുഖ്യമന്ത്രി നിലപാട് മാറ്റിയാല്‍ തീരാവുന്ന പ്രശ്‌നമേ ബംഗാളിലുള്ളൂ. മുഖ്യമന്ത്രിയുടെ നിലപാട് മൂലം രാജ്യത്തെ രോഗികള്‍ മുഴുവന്‍ അനുഭവിക്കുകയാണെന്നും’ ഹര്‍ഷ വര്‍ദ്ധന്‍ കുറ്റപ്പെടുത്തി.അതെ സമയം ബംഗാളിൽ 75കാരനായ രോഗി മരിച്ചത് ആശുപത്രിയുടെ അനാസ്ഥ കാരണമാണെന്ന് കുടുംബം ആരോപിക്കുകയും 200ഓളം പേരടങ്ങിയ ആള്‍ക്കൂട്ടം ആശുപത്രിയില്‍ ഇരച്ചെത്തി ഡോക്ടര്‍മാരെ മര്‍ദ്ദിക്കുകയുമായിരുന്നു.
എയിംസിലെ ഡോക്ടര്‍മാര്‍ കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധനുമായി ചര്‍ച്ച നടത്തുകയും ആവശ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. ഡോക്ടര്‍മാരുടെ സുരക്ഷ അടക്കം സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments