ബീഹാർ : ബീഹാറില്‍ 48 കുട്ടികൾ മസ്തിഷ്കജ്വരം ബാധിച്ച് മരണപ്പെടാൻ കാരണം ലിച്ചിപ്പഴമെന്ന് സംശയം. പത്തുദിവസത്തിനിടെയാണ് ഇത്രയും കുട്ടികള്‍ മരണപ്പെട്ടത് എന്ന് ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ദി ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്യുന്നത്. മരിച്ച കുട്ടികൾ ലിച്ചിപ്പഴം കഴിച്ചിരുന്നു. ലിച്ചിയില്‍ നിന്നുമുള്ള എന്തോ വിഷാംശമാകാം കുട്ടികളില്‍ മാരകമായ മസ്തിഷ്ക രോഗത്തിനും മരണത്തിനും ഇടയാക്കിയതെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ബീഹാറിലെ മുസാഫർപൂരിലുള്ള രണ്ട് ആശുപത്രികളിലാണ് അപകടം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പത്തു വയസ്സില്‍ താഴെയുള്ള കുട്ടികളാണ് മരിച്ചത്. മരണപ്പെട്ട എല്ലാ കുട്ടികളും തീക്ഷ്ണമായ എൻസൈഫലൈറ്റിസ് സിൻഡ്രോം (എഇഎസ്) ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നുവെന്ന് മുതിർന്ന ഹെൽത്ത് ഓഫീസറായ അശോക് കുമാർ സിംഗ് പറഞ്ഞു.
സമാനമായ രോഗ ലക്ഷണങ്ങളോടെ കുറഞ്ഞത് 40 കുട്ടികളെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കുട്ടികളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് ശ്രീകൃഷ്ണ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫീസറായ എസ്. പി. സിങ് പറഞ്ഞു. അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
1995-മുതല്‍ മുസാഫർപുരിലും സമീപ ജില്ലകളിലും ലിച്ചി സീസണായ വേനല്‍ക്കാലത്ത് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ‘ചാംകി ബുഖാര്‍’ എന്നാണ് പ്രാദേശികമായി ഈ അസുഖം അറിയപ്പെടുന്നത്. അത് 2014-ൽ 150 പേരുടെ മരണത്തിനിടയാക്കിയിരുന്നു.
Post Your Comments