കോഴിക്കോട്: നാടിനെ നടുക്കിയ കോഴിക്കോട് കട്ടിപ്പാറ കരിഞ്ചോലമല ഉരുള്‍പ്പൊട്ടലിന് ഇന്ന് ഒരു വയസ്സ്. ഏഴു കുട്ടികള്‍ ഉള്‍പ്പെടെ 14 പേരുടെ ജീവനാണ് ഉരുള്‍പ്പൊട്ടലില്‍ പൊലിഞ്ഞത്. കനത്ത മഴയില്‍ മലമുകളില്‍ ഉരുള്‍പ്പൊട്ടി കുത്തിയൊലിച്ചു വന്ന മണ്ണും പാറകളും വന്മരങ്ങളും മരണപ്പെട്ടവരുടെ വീടും സ്വത്തുക്കളും അപ്പാടെ നശിപ്പിച്ചു. മലമുകളിലെ അനധികൃത നിര്‍മ്മാണവും ദുരന്തത്തിന് കാരണമായി. ദുരിതത്തില്‍ ഒമ്പത് വീടുകള്‍ പൂര്‍ണമായും 27 വീടുകള്‍ ഭാഗികമായും തകര്‍ന്നു.
ഒരുവർഷം പൂർത്തിയായിട്ടും ദുരന്തം ബാധിച്ച കുടുംബങ്ങള്‍ ഇപ്പോഴും വാടക വീടുകളിലാണ് കഴിയുന്നത്. ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് 56 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരമായി നല്‍കിയിരുന്നു.. മരിച്ചവര്‍ക്ക് നാലുലക്ഷം വീതവും വീട് പൂര്‍ണമായും തകര്‍ന്ന ഒമ്പതു കുടുംബങ്ങള്‍ക്ക് വീടിനും സ്ഥലത്തിനും 10 ലക്ഷം വീതവും എന്ന കണക്കിലാണ് തുക നല്‍കിയത്. കൂടാതെ കൃഷി വിളകള്‍ നഷ്ടപ്പെട്ടവര്‍ക്ക് 16 ലക്ഷം രൂപയും നല്കി.
വീട് പൂര്‍ണമായും തകര്‍ന്ന ഒമ്പതു കുടുംബങ്ങൾ ഇപ്പോള്‍ ദുരിതാശ്വാസ കമ്മിറ്റി ഏര്‍പ്പാടാക്കിയ വാടകവീട്ടിലാണ് താമസിക്കുന്നത്..ഈ കുടുംബങ്ങള്‍ താമസിക്കുന്ന വീടുകളുടെ വാടകയും ദുരിതാശ്വാസ കമ്മിറ്റിയാണ് നല്‍കുന്നത്.
Post Your Comments